2004ലെ തെരഞ്ഞെടുപ്പ്‌കാലം. "ഇന്ത്യ തിളങ്ങുന്നു" എന്ന മുദ്രാവാക്യവുമായി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയാവും എന്ന പൊതു പ്രതീതിയാണുണ്ടായിരുന്നത്. മൻമോഹൻ സിങ്ങിനെക്കുറിച്ച് വലിയകാര്യമായിട്ടൊന്നും ആരും ചിന്തിച്ചിട്ടില്ലാത്ത കാലം. എന്റെ സുഹൃത്തും, പത്രപ്രവര്‍ത്തകനും, ബുദ്ധിജീവിയും, സ്വയംസേവകനുമായ സഹതാമസക്കാരനോട് ഞാന്‍ ചോദിച്ചു, "ബിജെപി അധികാരത്തില്‍ വരുമോ?". "പിന്നില്ലാതെ; മറ്റെന്തു ഓപ്ഷനാണ് ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ ഉള്ളത്? ഇത്തവണയും വാജ്‌പേയി തന്നെ ഭരിക്കും. ആദ്യം 13 ദിവസം, പിന്നെ 13 മാസം, ഇനി 13 വര്ഷം ഭരിക്കാന്‍ പോകുന്നു" എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി. എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു.
ഉള്ളിന്‍റെയുള്ളില്‍ ബിജെപിയിലെ കാര്യം ഭദ്രമല്ല എന്നതാണ് വാസ്തവം. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കാലത്തുണ്ടായ സഹസ്രകോടികളുടെ അഴിമതികളും ചില വിലക്കയറ്റ പ്രശ്നങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്തവണയും കോണ്‍ഗ്രസ് തന്നെ മുന്നിലെത്തിയിരുന്നേനെ എന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്. നരേന്ദ്രമോദി എന്ന നേതാവ് വന്നതോട് കൂടി എല്ലാം ഭദ്രമായി എന്ന വിചാരത്തിലാണ് പാര്‍ട്ടിക്കാര്‍. അതില്‍ കുറെ സത്യവുമുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും ജനാധിപത്യ രീതികള്‍ പുലര്‍ത്തുന്ന പാര്‍ടിയാണ് ബിജെപി. കമ്മ്യൂണിസ്റ്റ് പാര്‍ടികളെ ഒഴുവാക്കിയാല്‍ മറ്റെല്ലാ പാര്‍ട്ടികളും ഏതെന്കിലും വ്യക്തികളുടെയോ കുടുംബത്തിന്റെയോ സ്വന്തം പാര്‍ട്ടി തന്നെയാണ്. ഗാന്ധി-നെഹ്‌റു കാലഘട്ടത്തിനുശേഷം നെഹ്‌റു കുടുംബം തന്നെയാണ് കോണ്ഗ്രസ്സിനെ കൊണ്ട്നടന്നത്. എന്നൊക്കെ മറ്റാരുടെയെന്കിലും ചുമലില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിട്ടുണ്ടോ, അന്നെല്ലാം കോണ്‍ഗ്രസ് അടിപതറിയിട്ടുണ്ട്, ക്ഷയിച്ചിട്ടുണ്ട്. കോണ്ഗ്രസ്സിന്റെ കുറ്റമൊന്നും അല്ല അത്. നമ്മുടെ ജനാധിപത്യത്തിന്റെയോ ജനമനസ്സുകളുടെയോ ഒക്കെ പ്രശ്നമാകാം. ഒരു എകാധിപത്യത്തിന്‍കീഴിലേ പാര്‍ടികള്‍ നിലനില്കുന്നുള്ളൂ, വളരുന്നുള്ളൂ. എവിടെയും അവസാനവാക്കായി ഒരാള്‍ ഉണ്ടാവണം. രാഷ്ട്രീയപ്പാര്‍ട്ടിയായാലും കമ്പനികളായാലും. ഒരു താരപരിവേഷമുള്ള, "കരിസ്മ"യുള്ള ഒരാള്‍. ഇതില്ലാത്ത ഒരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. നരേന്ദ്രമോദിയുടെ വരവോടെ ബിജെപി പരിഹരിച്ചത് ആ കരിസ്മയുടെ അഭാവമാണ്.
പക്ഷെ ബിജെപിയെ സംബന്ധിച്ച് പ്രശ്നങ്ങള്‍ അവിടെതീരുന്നില്ല. സാധാരണപ്രവര്‍ത്തകരില്‍ ആവേശം വിതച്ച ഈ വരവ് സീനിയര്‍ നേതാക്കളില്‍ അസ്വാരസ്യമുളവാക്കി. ആകെ മൊത്തം നേതൃത്വം ഒന്നിളകി മറിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതും മറ്റൊരു മാര്‍ഗം ഇല്ലാത്തതുമാകാം പല നേതാക്കളെയും മൌനതിലേക്ക് വീഴ്ത്തിയത്. ജസ്വന്ത് സിംഗ് അത് തുറന്നു പറഞ്ഞു "ബിജെപി വ്യക്തികേന്ദ്രീകൃതമാകുന്നു". അധികാരം ലഭിച്ചാല്‍ ബിജെപിയെക്കാത്തിരിക്കുന്നത് ഇതിലും ഗുരുതരമായ അവസ്ഥയാണ്. മോദി ദേശീയ രാഷ്ട്രീയത്തില്‍ ഒരു ജൂനിയര്‍ ആണ്. മുന്‍പ് ഒന്നിലധികം തവണ മന്ത്രിമാരായിട്ടുള്ള ഒരു ഡസനിലധികം നേതാക്കള്‍ മന്ത്രിക്കുപ്പായമണിയാന്‍ തയ്യാറായിരിക്കുന്നു. ഒരു ആഭ്യന്തരകലഹം തുടക്കത്തില്‍തന്നെ പ്രതീക്ഷിക്കാം. അദ്വാനി, ഏതായാലും യുപിഎ സര്‍കാരില്‍ സോണിയ ഗണ്ടിയ്കുണ്ടായിരുന്ന സ്ഥാനതെത്താനാണ് സാധ്യത. സ്ഥാനം മാത്രമേയുണ്ടാവൂ; സോണിയ ആവില്ല. അധികാരത്തിനു വേണ്ടി, തെരഞ്ഞെടുപ്പ്കാലത്ത് ഉണ്ടാക്കിയ കൂട്ടുകെട്ടുകളും മറ്റുപാര്‍ടികളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വന്നു കയറിയവരും ഉണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ രണ്ടാമത്. ഏതു കൊള്ളരുതാത്തവനെയും സ്ഥാനാര്‍ഥിയാക്കുകയും ഏതു പാര്ട്ടിക്കാരനുമായും സഖ്യവും എന്ന നിലപാടാണ് ബിജെപി കൈക്കൊണ്ടത്. ഉത്തരേന്ത്യയിലെവിടെയെന്കിലും ഒരാള്‍ മറ്റു പാര്‍ടിയില്‍ നിന്നും രാജി വച്ച വാര്‍ത്ത കേട്ടാല്‍ സാധാരണ ബിജെപി പ്രവര്‍ത്തകര്‍ ഒന്ന് ഞെട്ടുമായിരുന്നു; ഇവനെങ്ങാനും വന്നു ബിജെപിയില്‍ ചേരുമോ എന്ന് പേടിച്ചിട്ട്. ഇപ്പോള്‍ സഖ്യത്തിലില്ലാത്ത മറ്റുകക്ഷികളെയും ചേര്‍ത്തുള്ള മന്ത്രിസഭയ്ക്കാണ് സാധ്യത. അപ്പോള്‍ അവരെയും മന്ത്രിസ്ഥാനം കൊടുത്ത് തൃപ്തിപ്പെടുത്തെണ്ടി വരും.
"ഇന്നില്ലെങ്കില്‍ ഇനിയില്ല" എന്ന തരത്തിലായിരുന്നു ബിജെപിയുടെ ഈ പ്രാവശ്യത്തെ പ്രചാരണപരിപാടികള്‍. ഒരു തരത്തില്‍ ശരിയുമാണെന്നു തോന്നി. ഇത്രയും പറ്റിയ വേറൊരു അവസരം വരാനില്ല. 2004-ല്‍ ബിജെപി ഭരണം തന്നെയായിരുന്നു എന്നത് ഒരു ഭരണവിരുദ്ധതരംഗത്തിന് കാരണമായിട്ടുണ്ടായിട്ടുണ്ടാകാം. ഇത്തവണ അതും അനുകൂലമാണ്. ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ ഇന്ന് നരേന്ദ്രമോദിയെ ഉറ്റുനോക്കുന്നുണ്ട്; വലിയ പ്രതീക്ഷകളുമായി. ഗുജറാത്തില്‍ എന്തൊക്കെ വികസനങ്ങള്‍ നടക്കുന്നു എന്ന് ഭാരതത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം അറിയില്ലെങ്കിലും എന്തൊക്കെയോ സംഭവിക്കും എന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു. ആ സംഭവിക്കുന്നതെല്ലാം സാധാരണക്കാരന് ഗുണമായി ഭവിച്ചാല്‍ നാടിനും സര്‍ക്കാരിനും പാര്‍ടിക്കും നല്ലതായി മാറും. കോര്‍പ്പറേറ്റുകളെയാണ് മോദി സഹായിക്കുന്നത് എന്ന ആരോപണത്തിന് ശരിയായ മറുപടി പറയാന്‍ ഇതുവരെ ബിജെപിക്കോ മോദിക്കോ കഴിഞ്ഞിട്ടില്ല. ഏതുപാര്‍ട്ടി ഭരണത്തില്‍ വന്നാലും ഭരണചക്രം തിരിക്കുന്നത് ഡല്‍ഹിയും മുംബൈയും കേന്ദ്രമാക്കിയിട്ടുള്ള കോര്‍പ്പറേറ്റുകള്‍ ആണെന്ന സത്യം എല്ലാവര്‍ക്കും അറിയാം. അതിനു തടയിടാന്‍ കഴിഞ്ഞാല്‍ ഭരണം നന്നാകും. എന്റെ ഒരു സുഹൃത്ത്(ബിജെപിക്കരനല്ലാത്ത) കുറച്ചുനാള്‍ മുന്‍പ് പറഞ്ഞു "മോദി അധികാരത്തില്‍ വന്നാല്‍ എന്താ കുഴപ്പം? ഈ പെട്രോള്‍ വിലയൊക്കെ ഒന്ന് കുറക്കാന്‍ കഴിഞ്ഞാല്‍ നേട്ടമായില്ലേ?". ബിഎംഎസിന്റെ ചുമതലയുള്ള ഒരാള്‍ കുറച്ചുകാലം മുന്‍പ് ഒരു പത്രത്തില്‍ പെട്രോള്‍ വിലയെക്കുറിച്ച് ലേഖനമെഴുതിയത് ഓര്‍മ വരുന്നു. 36 രൂപയെ പെട്രോളിന് വരൂ എന്നാണ് കണക്കുകള്‍ ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെ കുറെ പഴിയും പറഞ്ഞു. നോക്കട്ടെ, പെട്രോളിന് വില കുറയുമോ എന്ന്.
കഴിഞ്ഞ വാജ്പെയീ സര്‍കാരിന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ ഒരു കാര്യസാദ്ധ്യത്തിനായി പോയ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലൊന്നിന്റെ ഇന്നത്തെ അഖിലേന്ത്യാചുമതലവഹിക്കുന്ന ഒരാള്‍ അന്നൊരു സുഹൃദ്‌സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു. "മന്ത്രിസഭ മാറിയത്കൊണ്ടൊന്നും കാര്യമില്ല. ഇന്നും ഭരണം നടത്തുന്നത് കോണ്‍ഗ്രസ് തന്നെ. എല്ലാ ഉദ്യോഗസ്ഥരും കോണ്ഗ്രസ്സിന്റെ ആളുകളാണ്. ഇന്ദ്രപ്രസ്ഥത്തില്‍ എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ ഒന്നുകില്‍ കൊണ്ഗ്രസ്സുകാരനാകണം; അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ്". ഈ അവസാന നിമിഷത്തിലും കോണ്ഗ്രസ്സിനെ കുറച്ചുകാണേണ്ട ആവശ്യമില്ല. കരുതിയിരിക്കുക തന്നെ വേണം. രാഷ്ട്രീയക്കളികളിലൂടെ എങ്ങിനെയും തിരിച്ചുവരാന്‍ പ്രാപ്തരാണവര്‍. കോണ്ഗ്രസ്സിനെ ബിജെപി അത്രക്കങ്ങു മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍.
പഴയൊരു പഴഞ്ചൊല്ല് എപ്പോഴുമോര്‍ക്കുന്നത് നല്ലത്. "അധികാരം ദുഷിപ്പിക്കും; കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കും". എവിടെയൊക്കെയോ നാം ചില "കൂടുതല്‍" അധികാരങ്ങള്‍ കൊടുത്തു പോയോ?
1 comment:
2004ലെ തെരഞ്ഞെടുപ്പ്‌കാലം. "ഇന്ത്യ തിളങ്ങുന്നു" എന്ന മുദ്രാവാക്യവുമായി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയാവും എന്ന പൊതു പ്രതീതിയാണുണ്ടായിരുന്നത്. മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് വലിയകാര്യമായിട്ടൊന്നും ആരും ചിന്തിച്ചിട്ടില്ലാത്ത കാലം. എന്റെ സുഹൃത്തും, പത്രപ്രവര്‍ത്തകനും, ബുദ്ധിജീവിയും, സ്വയംസേവകനുമായ സഹതാമസക്കാരനോട് ഞാന്‍ ചോദിച്ചു, "ബിജെപി അധികാരത്തില്‍ വരുമോ?". "പിന്നില്ലാതെ; മറ്റെന്തു ഓപ്ഷനാണ് ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ ഉള്ളത്? ഇത്തവണയും വാജ്‌പേയി തന്നെ ഭരിക്കും. ആദ്യം 13 ദിവസം, പിന്നെ 13 മാസം, ഇനി 13 വര്ഷം ഭരിക്കാന്‍ പോകുന്നു" എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി. എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു.
Post a Comment