Thursday, January 3, 2008

ഓഹരി വിപണിയിലെ കളി - 2 (എസ്‌ ഗുരുമൂര്‍ത്തി)

....(തുടര്‍ച്ച)

    മുംബൈ ഓഹരിവിപണിയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4687 കമ്പനികളില്‍ ആദ്യ 30 കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള സെന്‍സെക്സ്‌-30, കൂടാതെ വേറേ 470 കമ്പനികളേക്കൂടി ഉള്‍പ്പെടുത്തിയ ബി എസ്‌ ഇ സെന്‍സെക്സ്‌-500 സൂചികയനുസരിച്ച്‌ നമ്മുടെ ഓഹരിവിപണിയിലെ മൊത്തം വിലയുടെ 90 ശതമാനവും ഈ 500 കമ്പനികളുടെ വില തന്നെ. മിച്ചമുള്ള 4187 കമ്പനികളുടെ സംഭാവന വെറും 10% മാത്രം. കഴിഞ്ഞ 10 വര്‍ഷമായി നമ്മുടെ ഓഹരിവിപണി ഉയരുന്നതും താഴുന്നതും വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വഴി മുടക്കപ്പെടുന്ന വിദേശപ്പണം കാരണമാണ്‌. ഇത്‌ ഇപ്പോള്‍ 7,60,000 കോടി രൂപയായി ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്രയും പണം നിക്ഷേപിച്ചിട്ടുള്ള ഓഹരികളുടെ വില ഇപ്പോള്‍ 11,40,000 കോടി രൂപയാണ്‌. അതായത്‌ ഓഹരിവിപണിയുടെ 22 ശതമാനം വിദേശികളുടെ കയ്യിലാണുള്ളത്‌. മാത്രവുമല്ല, നമ്മുടെ കയ്യിലുള്ള മൊത്തം വിദേശനാണയശേഖരത്തേക്കാള്‍ കൂടുതലാണ്‌ ഈ തുക. ആ മുതല്‍ നമ്മുടെ ഓഹരികളില്‍ നിന്നും പിന്‍വലിക്കുകയാണെങ്കില്‍ നമ്മുടെ വിദേശനാണയശേഖരം ഗണ്യമായി കുറഞ്ഞ്‌ ഒരു പ്രതിസന്ധി തന്നെ വന്നു ചേരും. തന്നിഷ്ടത്തിനു വന്നുകൊണ്ടിരിക്കുന്ന ഈ വിദേശ നിക്ഷേപങ്ങള്‍ 1997-ല്‍ കൊറിയ, തായ്‌ലണ്ട്‌, മലേഷ്യ, ഇന്തോനേഷ്യ, തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യാ രാജ്യങ്ങളെ മിക്കവാറും പാപ്പരാക്കുന്ന ഘട്ടത്തിലേക്കെത്തിച്ചു. ഓഹരിവിപണിയിലേക്കുള്ള അമിതമായ തള്ളിക്കയറ്റം, ഓഹരിവിപണിയെ മാത്രമല്ല നമ്മുടെ സമ്പദ്ഘടനയെത്തന്നെ അപകടത്തിലാക്കുന്ന അവസ്ഥയിലാണ്‌ നമ്മുടെ രാജ്യം ഇപ്പോള്‍.

    വിദേശരാജ്യങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്ത്‌ പണം നിക്ഷേപിക്കുന്നതിന്‌ ചില നിയന്ത്രണങ്ങളും നിയമങ്ങളും നിലവിലുണ്ട്‌. ഓഹരികളില്‍ നിക്ഷേപിക്കുന്നതിന്‌ സെബിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനയുണ്ട്‌. എന്നാല്‍ പാര്‍ടിസിപേറ്ററി നോട്ട്‌ എന്ന സമ്പ്രദായം 1996-ല്‍ ധനകാര്യമന്ത്രാലയം അനുവദിച്ചു. ഈ സമ്പ്രദായമനുസരിച്ച്‌ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ മുഖേന പേരുവെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരു വിദേശിക്ക്‌ നിക്ഷേപങ്ങള്‍ നടത്താം. മൂന്നു വര്‍ഷമായി ഓഹരിവിപണിയില്‍ കള്ളപ്പണം തള്ളിക്കയറുന്നതില്‍ റിസര്‍വ്‌ ബാങ്കും സെബിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എങ്കിലും ഓഹരിവിപണി തകര്‍ന്നേക്കുമോ എന്ന ഭയത്താല്‍ ധനകാര്യമന്ത്രാലയം യാതോരു നടപടിയും എടുത്തില്ല. ഈ സാഹചര്യത്തിലാണ്‌ നമ്മുടെ രാജ്യരക്ഷാ ഉപദേഷ്ടാവ്‌ എം കെ നാരായണന്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഭീകരവാദികളുടെ പണം കടന്നുകൂടിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്‌. റോ യും ഇതേകാര്യം ഗവണ്മെന്റിനെ അറിയിച്ചിരുന്നു.

    സൗദി അറേബ്യയിലെ വന്‍ വ്യവസായി ഖാലിദ്‌ ബിന്‍ മഖൊസ്‌ ആയിരക്കണക്കിന്‌ കോടി രൂപ പാര്‍ടിസിപേറ്ററി സമ്പ്രദായം വഴി നമ്മുടെ ഓഹരിവിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്‌ എന്നും അയാള്‍ ഇസ്ലാമിക ഭീകരവാദികളുടെ നേതാവായ ഉസാമാ ബിന്‍ ലാദന്റെ അടുത്ത സുഹൃത്താണെന്നും റോ പറയുന്നു. ദാവൂദ്‌ ഇബ്രാഹിം പോലെയുള്ള രാജ്യദ്രോഹികളുടെ പണവും നമ്മുടെ ഓഹരിവിപണിയില്‍ വിഹരിക്കുന്നതായുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്‌. ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍, ഒക്റ്റോബര്‍ 16ന്‌ പാര്‍ടിസിപേറ്ററി വഴി പണം നിക്ഷേപിച്ചവര്‍ അവരെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നും, മേലില്‍ അവര്‍ പാര്‍ടിസിപേറ്ററി നോട്ട്‌ വഴി നിക്ഷേപിക്കാന്‍ പാടില്ല എന്നും സെബി ഒരു വിളംബരം പുറപ്പെടുവിച്ചു. ഒക്റ്റോബര്‍ 17ന്‌ ഒറ്റ ദിവസം കൊണ്ട്‌ ഓഹരി വിപണി സൂചിക 1500 പോയിന്റുകളോളം ഇടിഞ്ഞു. അരണ്ടുപോയ ധനകാര്യമന്ത്രി ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌, പാര്‍ടിസിപേറ്ററി നോട്ട്‌ വഴിയുള്ള നിക്ഷേപങ്ങള്‍ മുടക്കുവാന്‍ ഉദ്ദേശ്ശമില്ലെന്ന് പ്രസ്താവിച്ച്‌ താഴോട്ടു പോയ ഓഹരിവിപണിയെ പിടിച്ചുയര്‍ത്തി.
    ഈ ആപത്ത്‌ ഗവണ്മെന്റിനു ബോധ്യമാകാന്‍ കാരണക്കാരായ സെബിക്കും, നാരായണനും നന്ദി പറയണം.

Tuesday, January 1, 2008

ഓഹരി വിപണിയിലെ കളി

ഭാരതത്തിന്റെ ഓഹരി വിപണി ഇന്നു കരുത്തു കാട്ടുകയാണ്‌. ഒരു നിക്ഷേപമാര്‍ഗ്ഗം എന്ന നിലയില്‍ ഓഹരിച്ചന്ത അല്‍പ സ്വല്‍പം വരുമാനമുള്ളവരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്നു. ഈകുതിപ്പിന്റെ പിന്നില്‍ എന്തെങ്കിലും വിപത്തുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ? യൂറോപ്പിന്റെ സാമ്പത്തികപ്പെരുമയെ ഒരിക്കല്‍ ഒരു പ്രശസ്ത യൂറോപ്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ വിശേഷിപ്പിച്ചത്‌ "മേയ്ക്കപ്പിട്ട വൃദ്ധ" എന്നായിരുന്നു. ഇത്തരം ഒരു സമ്പത്‌ വ്യ്‌വസ്ഥയിലേക്കാണോ ഭാരതവും മുന്നേറിക്കൊണ്ടിരിക്കുന്നത്‌ എന്നത്‌ മനസ്സിനെ അലട്ടിയിരുന്നതായിരുന്നു. വികസിതരാജ്യമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ എന്ന വര്‍ണവിസ്മയത്തില്‍ മിഴിനട്ടിരിക്കുന്ന മാധ്യമങ്ങളില്‍ നിന്നൊന്നും ഒരു വ്യക്തമായ ധാരണകിട്ടിയതുമില്ല. അങ്ങിനെയിരിക്കെയാണ്‌ കേസരി വാരികയില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും സാമ്പത്തികവിദഗ്ദനുമൊക്കെയായ എസ്‌ ഗുരുമൂര്‍ത്തിയുടെ ഒരു ലേഖനം രണ്ടുലക്കങ്ങളിലായി വന്നത്‌. വാരികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും ലിങ്ക്‌ എടുത്തു ചേര്‍ക്കാന്‍ സാധിക്കാതെ വന്നതിനാല്‍ വാരികയില്‍ നിന്നും പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ഓഹരിവിപണി 20000 പോയിന്റ്‌ കടന്നപ്പോള്‍ എകോണമിക്സ്‌ പത്രം ഇങ്ങനെ എഴുതി. "ഓഹരിവിപണിയിലെ മൊത്തം ഓഹരികളുടെ ഇപ്പൊഴത്തെ വില 63 ലക്ഷം കോടി രൂപയിലുമധികം. ഈ കര്യത്തില്‍ ഭാരതം ലോകത്തില്‍ ഒന്‍പതാം സ്ഥാനത്ത്‌ നില്‍ക്കുന്നു. 2020-ല്‍ ഭാരതം ഒരു ലോകമഹാശക്തിയാകും!". 'സെന്‍സ്ക്സ്‌' ഒന്നു താഴോട്ടു പോയാല്‍, ഇന്ത്യന്‍ ധനകാര്യമന്ത്രി തന്റെ എല്ലാ ജോലികളും മാറ്റിവച്ച്‌, ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട്‌,"എല്ലാം നല്ലപോലെയാണുള്ളത്‌, അതുകൊണ്ട്‌ ഓഹരിവിപണിയില്‍ വീഴ്ച വരരുത്‌" എന്ന് പറഞ്ഞ്‌ ഓഹരിവിപണി സൂചിക ഉയര്‍ത്റ്റെഴുന്നേല്‍ക്ക്ക്കുമാകുമാറ്‌, ഓഹരി വിപണിയുടെ പ്രാധാന്യം ഉയര്‍ന്നിട്ടുണ്ട്‌. ഓഹരിവിപണിയില്‍ കളിക്കുന്നവര്‍ വെറും കടലാസില്‍ പണക്കാരായി മാറുന്നു. ഓഹരിവിപണിയുടെ യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാവാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഓഹരിവിപണിയുടെ പങ്ക്‌ എത്ര എന്നു വിശകലനം ചെയ്താല്‍ മതി.ഓഹരിവിപണിപ്പട്ടികയിലെ ആയിരക്കണക്കിലുള്ള കമ്പനികളില്‍ നിന്നും റിലയന്‍സ്‌, ഇന്‍ഫൊസിസ്‌, റ്റാറ്റാ സ്റ്റീല്‍, എയര്‍ടെല്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട 30 പ്രധാന കമ്പനികളുടെ ഓഹരികളുടെ ശരാശരി വിലയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ 'സെന്‍സെക്സ്‌'. ഈ 30 കമ്പനികളുടെ മൊത്തം ഓഹരിവിപണിയാകട്ടെ 30 ലക്ഷം കോടി രൂപയിലുമധികം. നമ്മുടെ രാജ്യത്തിന്റെ മൊത്തം ഉല്‍പാദനം 40 ലക്ഷം കോടി രൂപ. അതില്‍ മേല്‍പറഞ്ഞ കമ്പനികളുടെ വിഹിതം 1 ശതമാനം - 40, 000 കോടി രൂപ. മറ്റുവാക്കുകളില്‍ പറയുകയാണെങ്കില്‍, ദേശീയ മൊത്തം ഉല്‍പാദനത്തില്‍ 4 ശതമാനം മാത്രം വിഹിതമുള്ള കമ്പനികളുടെ ഓഹരിവിപണിവില സൂചിക ദേശീയ മൊത്തം ഉല്‍പാദനത്തിന്റെ 150 ശതമാനത്റ്റിലുമധികം! ഓഹരിവിപണിയും സെന്‍സെക്സും എല്ലാം ഊതിപ്പെരുപ്പിച്ച സംഭവങ്ങളാണെന്നു തോന്നുന്നില്ലേ?

മട്ടൊരു വിധത്തില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ മൊത്തം കുടുംബ സമ്പാദ്യത്തിന്റെ 3 ശതമാനം പോലും ഇന്ന് ഓഹരികളില്‍ നിക്ഷേപിക്കപ്പെടുന്നില്ല. കൂടുതല്‍ സുരക്ഷ ലഭിക്കുന്ന വഴികളാണ്‌ നമ്മുടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌. ഇതിനുള്ള മുഖ്യകാരണം കുടുംബങ്ങളിലുള്ള ജോലിയില്ല്ലാത്തവര്‍, വൃദ്ധര്‍, രോഗികള്‍ തുടങ്ങിയ അഗതികളുടെ സംരക്ഷണച്ചുമതല നമ്മുടെ നാട്ടില്‍ കുടുംബങ്ങള്‍ക്ക്‌ തന്നെയാണുള്ളത്‌. അമേരിക്കയിലും മറ്റു പല പാശ്ചാത്യ രാജ്യങ്ങളിലും ഈ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ അവിടെയുള്ളവര്‍ എളുപ്പം ലാഭം കിട്ടാന്‍ ഓഹരിവിപണിയെ ആശ്രയിക്കുന്നു. നമ്മുടെ ജീവിതരീതിക്ക്‌ ഇതുപോലുള്ള നിരുത്തരവാദപരമായ നിക്ഷേപങ്ങള്‍ യോജിച്ചതല്ലാത്തതിനാല്‍ 3 ശതമാനത്തില്‍ താഴെ സമ്പാദ്യം മാത്രമെ ഓഹരിവിപണിയിലെത്തുന്നുള്ളു. പിന്നെ ഈ ഓഹരിവിപണിയുടെ കുതിച്ചുചാട്ടത്തിനു പിന്നിലെന്താണ്‌? ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തെല്ലാമാണ്‌?ഇതു ശാശ്വതമാണോ? ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നതിനു മുന്‍പ്‌ വേറെ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്‌.

തുടരും...