Tuesday, January 1, 2008

ഓഹരി വിപണിയിലെ കളി

ഭാരതത്തിന്റെ ഓഹരി വിപണി ഇന്നു കരുത്തു കാട്ടുകയാണ്‌. ഒരു നിക്ഷേപമാര്‍ഗ്ഗം എന്ന നിലയില്‍ ഓഹരിച്ചന്ത അല്‍പ സ്വല്‍പം വരുമാനമുള്ളവരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്നു. ഈകുതിപ്പിന്റെ പിന്നില്‍ എന്തെങ്കിലും വിപത്തുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ? യൂറോപ്പിന്റെ സാമ്പത്തികപ്പെരുമയെ ഒരിക്കല്‍ ഒരു പ്രശസ്ത യൂറോപ്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ വിശേഷിപ്പിച്ചത്‌ "മേയ്ക്കപ്പിട്ട വൃദ്ധ" എന്നായിരുന്നു. ഇത്തരം ഒരു സമ്പത്‌ വ്യ്‌വസ്ഥയിലേക്കാണോ ഭാരതവും മുന്നേറിക്കൊണ്ടിരിക്കുന്നത്‌ എന്നത്‌ മനസ്സിനെ അലട്ടിയിരുന്നതായിരുന്നു. വികസിതരാജ്യമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ എന്ന വര്‍ണവിസ്മയത്തില്‍ മിഴിനട്ടിരിക്കുന്ന മാധ്യമങ്ങളില്‍ നിന്നൊന്നും ഒരു വ്യക്തമായ ധാരണകിട്ടിയതുമില്ല. അങ്ങിനെയിരിക്കെയാണ്‌ കേസരി വാരികയില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും സാമ്പത്തികവിദഗ്ദനുമൊക്കെയായ എസ്‌ ഗുരുമൂര്‍ത്തിയുടെ ഒരു ലേഖനം രണ്ടുലക്കങ്ങളിലായി വന്നത്‌. വാരികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും ലിങ്ക്‌ എടുത്തു ചേര്‍ക്കാന്‍ സാധിക്കാതെ വന്നതിനാല്‍ വാരികയില്‍ നിന്നും പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ഓഹരിവിപണി 20000 പോയിന്റ്‌ കടന്നപ്പോള്‍ എകോണമിക്സ്‌ പത്രം ഇങ്ങനെ എഴുതി. "ഓഹരിവിപണിയിലെ മൊത്തം ഓഹരികളുടെ ഇപ്പൊഴത്തെ വില 63 ലക്ഷം കോടി രൂപയിലുമധികം. ഈ കര്യത്തില്‍ ഭാരതം ലോകത്തില്‍ ഒന്‍പതാം സ്ഥാനത്ത്‌ നില്‍ക്കുന്നു. 2020-ല്‍ ഭാരതം ഒരു ലോകമഹാശക്തിയാകും!". 'സെന്‍സ്ക്സ്‌' ഒന്നു താഴോട്ടു പോയാല്‍, ഇന്ത്യന്‍ ധനകാര്യമന്ത്രി തന്റെ എല്ലാ ജോലികളും മാറ്റിവച്ച്‌, ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട്‌,"എല്ലാം നല്ലപോലെയാണുള്ളത്‌, അതുകൊണ്ട്‌ ഓഹരിവിപണിയില്‍ വീഴ്ച വരരുത്‌" എന്ന് പറഞ്ഞ്‌ ഓഹരിവിപണി സൂചിക ഉയര്‍ത്റ്റെഴുന്നേല്‍ക്ക്ക്കുമാകുമാറ്‌, ഓഹരി വിപണിയുടെ പ്രാധാന്യം ഉയര്‍ന്നിട്ടുണ്ട്‌. ഓഹരിവിപണിയില്‍ കളിക്കുന്നവര്‍ വെറും കടലാസില്‍ പണക്കാരായി മാറുന്നു. ഓഹരിവിപണിയുടെ യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാവാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഓഹരിവിപണിയുടെ പങ്ക്‌ എത്ര എന്നു വിശകലനം ചെയ്താല്‍ മതി.ഓഹരിവിപണിപ്പട്ടികയിലെ ആയിരക്കണക്കിലുള്ള കമ്പനികളില്‍ നിന്നും റിലയന്‍സ്‌, ഇന്‍ഫൊസിസ്‌, റ്റാറ്റാ സ്റ്റീല്‍, എയര്‍ടെല്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട 30 പ്രധാന കമ്പനികളുടെ ഓഹരികളുടെ ശരാശരി വിലയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ 'സെന്‍സെക്സ്‌'. ഈ 30 കമ്പനികളുടെ മൊത്തം ഓഹരിവിപണിയാകട്ടെ 30 ലക്ഷം കോടി രൂപയിലുമധികം. നമ്മുടെ രാജ്യത്തിന്റെ മൊത്തം ഉല്‍പാദനം 40 ലക്ഷം കോടി രൂപ. അതില്‍ മേല്‍പറഞ്ഞ കമ്പനികളുടെ വിഹിതം 1 ശതമാനം - 40, 000 കോടി രൂപ. മറ്റുവാക്കുകളില്‍ പറയുകയാണെങ്കില്‍, ദേശീയ മൊത്തം ഉല്‍പാദനത്തില്‍ 4 ശതമാനം മാത്രം വിഹിതമുള്ള കമ്പനികളുടെ ഓഹരിവിപണിവില സൂചിക ദേശീയ മൊത്തം ഉല്‍പാദനത്തിന്റെ 150 ശതമാനത്റ്റിലുമധികം! ഓഹരിവിപണിയും സെന്‍സെക്സും എല്ലാം ഊതിപ്പെരുപ്പിച്ച സംഭവങ്ങളാണെന്നു തോന്നുന്നില്ലേ?

മട്ടൊരു വിധത്തില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ മൊത്തം കുടുംബ സമ്പാദ്യത്തിന്റെ 3 ശതമാനം പോലും ഇന്ന് ഓഹരികളില്‍ നിക്ഷേപിക്കപ്പെടുന്നില്ല. കൂടുതല്‍ സുരക്ഷ ലഭിക്കുന്ന വഴികളാണ്‌ നമ്മുടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌. ഇതിനുള്ള മുഖ്യകാരണം കുടുംബങ്ങളിലുള്ള ജോലിയില്ല്ലാത്തവര്‍, വൃദ്ധര്‍, രോഗികള്‍ തുടങ്ങിയ അഗതികളുടെ സംരക്ഷണച്ചുമതല നമ്മുടെ നാട്ടില്‍ കുടുംബങ്ങള്‍ക്ക്‌ തന്നെയാണുള്ളത്‌. അമേരിക്കയിലും മറ്റു പല പാശ്ചാത്യ രാജ്യങ്ങളിലും ഈ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ അവിടെയുള്ളവര്‍ എളുപ്പം ലാഭം കിട്ടാന്‍ ഓഹരിവിപണിയെ ആശ്രയിക്കുന്നു. നമ്മുടെ ജീവിതരീതിക്ക്‌ ഇതുപോലുള്ള നിരുത്തരവാദപരമായ നിക്ഷേപങ്ങള്‍ യോജിച്ചതല്ലാത്തതിനാല്‍ 3 ശതമാനത്തില്‍ താഴെ സമ്പാദ്യം മാത്രമെ ഓഹരിവിപണിയിലെത്തുന്നുള്ളു. പിന്നെ ഈ ഓഹരിവിപണിയുടെ കുതിച്ചുചാട്ടത്തിനു പിന്നിലെന്താണ്‌? ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തെല്ലാമാണ്‌?ഇതു ശാശ്വതമാണോ? ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നതിനു മുന്‍പ്‌ വേറെ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്‌.

തുടരും...

2 comments:

Unknown said...

കൊള്ളാം നല്ല വിശകലനം...
ഉപയോഗപ്രദമായ ലേഖനം.....
തുടരട്ടെ.....

തറവാടി said...

തുടരൂ