Monday, November 11, 2013

ബ്രിട്ടീഷ്‌ രാജകുമാരന്റെ സന്ദര്‍ശനം - അടിമത്തഭാവം വിട്ടുമാറാതെ നാം

    ഒരുകാലത്ത്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനുടമകള്‍ ആയിരുന്ന ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ ചാള്‍സ് രാജകുമാരനും ഭാര്യ കാര്‍മില പാര്കറും കൊച്ചി സന്ദര്‍ശിക്കുന്നു. അറിയാവുന്നിടത്തോളം വസ്തുതകള്‍ വച്ച് ഒരു ഔദ്യോഗിക സന്ദര്‍ശനമല്ല ഇത്. ചാള്‍സ് രാജകുമാരന്‍ (65 വയസ്സ് പ്രായമായാലും ഇംഗ്ലീഷ്കാര്‍ക്ക്‌ രാജകുമാരന്‍ തന്നെ. മകന്‍ പ്രായപൂര്‍ത്തിയായി, രാജ്യം ഭരിക്കാന്‍ യോഗ്യത നേടി എന്നറിയുമ്പോള്‍ മകനെ രാജാവായി അഭിഷേകം ചെയ്ത് ശിഷ്ടകാലം വനവാസം എന്നുറച്ചു രാജ്യമുപേക്ഷിക്കുന്ന സംസ്കാരം അവിടെയുണ്ടായിരുന്നില്ലല്ലോ) തന്റെ 65-ആം ജന്മദിനം ആഘോഷിക്കുവാന്‍ കൊച്ചിയെ ആണത്രേ തിരഞ്ഞെടുത്തത്‌. തികച്ചും വ്യക്തിപരമായ ഒരു ആഘോഷം. ചാള്‍സ് രാജകുമാരന്‍ എന്നല്ല ലോകത്തെ ഏതോരു വ്യക്തിക്കും തന്റെ ജന്മദിനാഘോഷം എവിടെ വച്ചാകണം എന്ന്‍ തീരുമാനിക്കാന്‍ (ഏറ്റവും കുറഞ്ഞത് സ്വപ്നം കാണാനെങ്കിലും) സ്വയം അധികാരം ഉണ്ട്. രാജകുമാരനെ തെറ്റ് പറയാനാകില്ല. രാജകുടുംബത്തിലെ വിവാഹം തൊട്ടു പ്രസവം വരെയുള്ള ഓരോ സംഭവങ്ങളും ആഘോഷമാക്കുന്ന ബ്രിട്ടീഷ്‌ ജനതയേയും തെറ്റ് പറയാനാകില്ല. രാജകുടുംബത്തിന്റെ സുരക്ഷക്ക് പരമപ്രാധാന്യം നല്‍കുന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥ വൃന്ദത്തേയും അവരുടെ ഭാരതത്തിലെ നയതന്ത്രകാര്യാലയത്തെയും ഒട്ടും കുറ്റം പറയാന്‍ വയ്യ.



    മനസ്സിലാക്കാന്‍ സാധിക്കാത്തത്, നമുക്കെന്തു പറ്റിയെന്നാണ്. അത്യാവശ്യം കേരളത്തിലെ മാധ്യമങ്ങള്‍ എങ്കിലും ഇപ്പോള്‍ ബ്രിട്ടിഷ്‌കാരന്റെ പുറകെയാണ്. രാജകുമാരന്‍ എങ്ങിനെ നടക്കുന്നു, എങ്ങിനെ ഇരിക്കുന്നു, എന്ത് കഴിക്കും, എന്ത് കഴിക്കില്ല (ഭ്ഗവത് ഗീതയില്‍ തുല്യമായ ഒരന്വേഷണമുണ്ട്. സ്ഥിതപ്രജ്ഞന്‍ എങ്ങിനെ നടക്കുന്നു, എങ്ങിനെ ഇരിക്കുന്നു... ഇന്നാരും അതന്വേഷിക്കാറില്ല). ഔദ്യോഗിക അതിഥി അല്ലാത്ത രാജകുമാരന് വേണ്ടി നമ്മുടെ ഔദ്യോഗിക വ്യവസ്ഥകളെല്ലാം തയ്യാറായിക്കഴിഞ്ഞു. ആയിരക്കണക്കിന് പോലീസുകാരെ സുരക്ഷക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നു. ഭക്ഷണം, കാപ്പി, മുറുക്കാന്‍, ചെല്ലം എന്നിത്യാദികള്‍ക്കുള്ള പരിചാരകരും തയ്യാറായി ക്കഴിഞ്ഞു. ഇതില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തതില്‍ കൊച്ചി മേയര്‍ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരിക്കുന്നു. പ്രതിഷേധവും വിവാദവും ഇല്ലാതെ നമുക്ക് ഒരു പരിപാടിയും കൊഴുപ്പിക്കാന്‍ സാധിക്കില്ലല്ലോ.

   ഇതിനു മുന്‍പ്‌ എലിസബത് രാജ്ഞി കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ ഫോര്‍ട്ട്‌ കൊച്ചിയുടെ പിച്ചചട്ടിയില്‍ എന്തോ വാരിയിട്ടിട്ടു പോയത്രേ. മാതൃഭുമി പത്രം പറയുന്നതനുസരിച്ച്, കക്കൂസ് നിര്‍മിക്കുവാന്‍ 2500 രൂപ മാത്രമാണ് ജനങ്ങള്‍ക്ക്‌ കിട്ടിയത്‌. വീണ്ടുമൊരു രാജകീയ സന്ദര്‍ശനം വരുമ്പോള്‍ വീണ്ടും പിച്ചചട്ടിയുമായി റെഡിയായിരിക്കുകയാണ് നാം. ഔദ്യോഗികമായി ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ മേധാവിയായിട്ടുള്ള രാജ്ഞിയുടെ പ്രതിനിധിയാണ് ചാള്‍സ് രാജകുമാരന്‍. മറ്റെന്തെങ്കിലും ഔദ്യോഗികപദവിയുള്ളതായി കാണുന്നില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഈ വരവ് വെറും സ്വകാര്യമാണ്. പിന്നെന്തു പേരിലാണ് നമ്മുടെ സര്‍ക്കാര്‍ ഇത്രക്ക്‌ നെട്ടോട്ടമോടുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഒന്നേ തോന്നുന്നുള്ളൂ; പണ്ടത്തെ നമ്മുടെ ഭരണാധികാരി എന്ന വിധേയത്വം. നമ്മുടെ നാട് കുട്ടിച്ചോറാക്കി തിരിച്ചുപോയവരാണെങ്കിലും അടിമത്തഭാവം വിട്ടുമാറാതെ നാം ആ എഴുന്നെള്ളത്ത് കാത്തിരിക്കുന്നു. പണ്ട് നമ്മുടെ നാട് ഭരിച്ചിരുന്ന ചില ലോക്കല്‍ രാജാക്കന്മാരുണ്ടായിരുന്നു. തിരുവിതാംകൂറും കൊച്ചിയും കോഴികോടും, പിന്നെ അതിലും ചെറിയ ലോക്കല്‍ രാജാക്കന്മാരും. അവരെയൊക്കെ ഇന്ന് റോഡില്‍ വച്ച് കണ്ടാല്‍ പുച്ചിച്ചു ചിരിക്കും നാം; ബൂര്‍ഷ്വകള്‍...

പക്ഷെ, ഇംഗ്ലണ്ടില്‍ നിന്നാണെങ്കില്‍ കുമ്പിട്ടെ തീരു.

5 comments:

Sreejesh said...
This comment has been removed by the author.
Sreejesh said...

65 വയസ്സ് പ്രായമായാലും ഇംഗ്ലീഷ്കാര്‍ക്ക്‌ രാജകുമാരന്‍ തന്നെ. മകന്‍ പ്രായപൂര്‍ത്തിയായി, രാജ്യം ഭരിക്കാന്‍ യോഗ്യത നേടി എന്നറിയുമ്പോള്‍ മകനെ രാജാവായി അഭിഷേകം ചെയ്ത് ശിഷ്ടകാലം വനവാസം എന്നുറച്ചു രാജ്യമുപേക്ഷിക്കുന്ന സംസ്കാരം അവിടെയുണ്ടായിരുന്നില്ലല്ലോ.

യയാതിയുടെ കഥ ഷൈജു നു ഓര്മ്മയുണ്ടല്ലോ അല്ലെ?

Shyju said...

യയാതി ഒരു എക്സെപ്ഷന്‍ അല്ലെ? നമുക്ക് ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ ഇല്ലേ?

Sreejesh said...

ബ്രിട്ടീഷ്‌ രാജകുമാരനെ നമ്മുടെ രാജാക്കന്മാരുമായി അല്ലെ താരതമ്യപ്പെടുതെണ്ടത് അല്ലാതെ പുരാണ കഥാപാത്രങ്ങലുംയിട്ടു അല്ലല്ലോ. എന്റെ അറിവിൽ നമ്മുടെ രാജാക്കന്മാർ ഒന്നും വാനപ്രസ്ഥം സ്വീകരിച്ച ചരിത്രം ഇല്ല

Sreejesh said...

ബ്രിട്ടീഷ്‌ രാജകുമാരനെ നമ്മുടെ രാജാക്കന്മാരുമായി അല്ലെ താരതമ്യപ്പെടുതെണ്ടത് അല്ലാതെ പുരാണ കഥാപാത്രങ്ങലുംയിട്ടു അല്ലല്ലോ. എന്റെ അറിവിൽ നമ്മുടെ രാജാക്കന്മാർ ഒന്നും വാനപ്രസ്ഥം സ്വീകരിച്ച ചരിത്രം ഇല്ല