ബഹുമാനപ്പെട്ട ഭക്ഷ്യവകുപ്പ് അധികാരികള്‍ക്ക് നമോവാകം.
നിങ്ങളുടെയെല്ലാം ഇപ്പോഴത്തെ ധീര പ്രവൃത്തികള്‍ കാണുമ്പോള്‍ ഞാന്‍ പുളകിതനായിപ്പോകുന്നു. നിങ്ങള്‍ക്കെല്ലാം എന്റെ ആയിരം ആയിരം അഭിവാദ്യങ്ങള്‍, ആദരാഞ്ജലികള്‍
ഓണം വരാനൊരു മൂലം വേണം എന്ന് നമ്മുടെ പഴംചൊല്ലാണല്ലോ. എല്ലാത്തിനും ഒരു കാരണം വേണം. പണ്ടത്തെ ഒരു സിനിമയില്‍ പറയുന്നതുപോലെ 'എല്ലാത്തിനും അതിന്റെതായ് ഒരു കാലവുമുണ്ട് ദാസാ'. ഇവിടെ ഇപ്പോള്‍ കാരണമായത് ആലപ്പുഴ വീയപുരം മേല്പടം ആറ്റുമാലില്‍ സച്ചിന്‍ റോയ് മാത്യു വിന്റെ മരണം. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ (എല്ലാവരും അങ്ങിനെ പറയന്നു, കേരളം കൊച്ചാണത്രേ) ഹോട്ടലുകളില്‍ വൃത്തികെട്ട ഭക്ഷണം വിളമ്പുന്നുണ്ടെന്ന് നമ്മുടെ നാട്ടിലെ നിയമപാലകരും ആരോഗ്യരംഗത്തെ ഉന്നതാധികാരികളും മനസ്സിലാക്കുന്നത് റോയ് മാത്യുവിന്റെ മരണത്തിന് ശേഷമാണത്രേ! പക്ഷെ അതെത്രയോ അനേകം ജീവിതങ്ങള്‍ രക്ഷപെടുന്നതിനു കാരണമായിക്കൊണ്ടിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് റോയ് മാത്യുവിനോട് അപാരമായ ആദരവ് തോന്നുന്നു. സ്വന്തം ജീവന്‍ കൊണ്ട് അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണഭൂതനായ അദ്ദേഹത്തെ 'ബലിദാനി' എന്ന് വിളിക്കുവാന്‍ എനിക്ക് തോന്നുന്നു.
റോയ് മാത്യു ഷവര്‍മ കഴിച്ചു മരിച്ചതിനാല്‍, കൊച്ചിയിലെ എല്ലാ ഷവര്‍മ കടകളും പൂട്ടിയത്രേ. ഇന്നത്തെ പത്രത്തിലുണ്ട്. ഇത് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ പഴയ ഒരു കൂട്ടുകാരന്‍ (ക്രിസ്ത്യാനി ആണേ) പറഞ്ഞ പഴയ ഒരു ഫലിതം ഓര്മ വന്നു. 'കര്‍ത്താവ് കുരിശില്‍ കിടന്നു മരിച്ചകാരണം ഞങ്ങളൊക്കെ ഇപ്പോഴും കുരിശും തൂക്കി നടക്കുന്നു. വല്ല കട്ടിലിലും കിടന്നായിരുന്നു മരിച്ചിരുന്നതെങ്കില്‍ മാലയില്‍ കട്ടിലിന്റെ രൂപം തൂക്കിയിട്ടു നടക്കേണ്ടി വരുമായിരുന്നു'. പ്രിയപ്പെട്ട അധികാരികളെ, സാദാ ഊണ് കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയായിരുന്നെന്കില്‍ നാട്ടിലെ എല്ലാ ഹോട്ടലുകളും ഊണ് കൊടുക്കുന്നു എന്ന കാരണത്താല്‍ നിങ്ങള്‍ പൂട്ടിക്കുമായിരുന്നോ?
കൊച്ചി നഗരത്തിന്റെ ഉള്‍വഴികളിലൂടെ ഒരിക്കലെങ്കിലും നിങ്ങള്‍ സഞ്ചരിചിട്ടുണ്ടോ? ഹോട്ടലുകളുടെയെന്നല്ല, ഒരു കെട്ടിടത്തിന്റെയും പിന്നാമ്പുറത്ത് വൃത്തിയുടെ ഒരു കണിക പോലും അവശേഷിക്കുന്നില്ല എന്ന്എന്നിട്ടും മനസ്സിലായിട്ടില്ലേ. ഹോട്ടലുകള്‍ കൂടുതല്‍ മാലിന്യം പ്രത്യേകിച്ച് പെട്ടെന്ന് ചീയുന്ന ജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യ്ന്നതിനാല്‍ കൂടുതല്‍ വൃത്തികേടായിരിക്കും. മാലിന്യം അത് ഉല്പാദിപ്പിക്കുന്നിടത്ത് തന്നെ സംസ്കരിക്കണം എന്നാണല്ലോ നമ്മുടെ നയം. ഹോട്ടല്‍ അത് തന്നെ ചെയ്യുന്നു. അടുക്കളയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യം അടുക്കളയില്‍ തന്നെ. ഇതുപോലൊരു മഹാനഗരത്തില്‍ ഒരു വ്യക്തി വിചാരിച്ചു മാലിന്യ നിര്‍മാര്‍ജ്ജനം എങ്ങിനെ ചെയ്യാനാണ് എന്നോ, സര്‍കാര്‍ തലത്തിലോ അല്ലെങ്കില്‍ അധികാരതിന്റെ ഏതെന്കിലും ഒരു വഴിയിലോ എന്തെങ്കിലും മാര്‍ഗം ഉണ്ടാക്കെണ്ടാതുണ്ടോ എന്നൊന്നും വിചാരിച്ചു നിങ്ങള്‍ ഒരിക്കലും തല പുണ്ണാക്കരുത്. ഇപ്പോള്‍ അടപ്പിച്ച കടകളെല്ലാം അധികം വൈകാതെ തന്നെ തുറക്കുമെന്നും ഇതേ ഭക്ഷണമൊക്കെ തന്നെ ഇതേ രീതിയില്‍ വീണ്ടും വിളമ്പുമെന്നും ഞങ്ങള്‍ക്കറിയാം. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'. ഇനിയുമൊരു റൈഡ് നടത്താന്‍ ആരാണാവോ രക്തസാക്ഷിത്വം വരിക്കേണ്ടി വരിക എന്ന സംശയം മാത്രം ബാക്കി.