നന്മയുടെ സദ്യയുമായി മലയാളികള്‍ക്ക് വീണ്ടുമൊരു ഓണക്കാലവും കൂടി. ഓണം എല്ലാ മലയാളികള്‍ക്കും ഗൃഹാതുരത്വത്തിന്റെ ചൂടും തണുപ്പും കൂടി സമ്മാനിക്കുന്നു. നാട്ടുകാരനായാലും മറുനാട്ടുകാരനായാലും അല്പം ഒരു ഗൃഹാതുരത്വത്തിന്റെ ചുവയില്ലാതെ ഓണത്തെ ഓര്‍മിക്കുക വയ്യ. ജനിച്ച നാട്ടില്‍ തന്നെ ജീവിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു വരുന്നതാകം കാരണം. സ്വന്തം നാട്ടില്‍ ജനിച്ചു ജീവിക്കുന്ന മുതിര്‍ന്ന മലയാളിയും തന്റെ ചെറുപ്പത്തിലെ ഓണമല്ല ഇന്നത്തെ ഓണം എന്ന് പരിതപിക്കുന്നു. കുറ്റിക്കാടുകളും കുന്നും മലകളും, നാട്ടുവഴിയുടെ ഓരത്തെ ചെമ്പരത്തിചെടികളും, വേലിയില്‍ പടര്‍ന്നു പന്തലിച്ച കൊങ്ങിണിപൂക്കളും ഇന്ന് കാണുന്നില്ല. എത്ര ഗ്രാമീണനായ മലയാളിക്കും ഓണം കുടുംബാങ്ങങ്ങളുടെ ഒത്തുചേരലും പരസ്പരസ്നേഹത്തിന്റെ പവിത്രതയില്‍ ചാലിച്ചെടുക്കുന്ന ഒരുപാടു നിമിഷങ്ങളുടെ അപൂര്‍വതയും അല്ലാതായി മാറിയിരിക്കുന്നു. ഓണം ടിവി ചാനലുകള്‍ പങ്കിട്ടെടുത്തിരിക്കുന്നു. പൂക്കളങ്ങള്‍ വീടുകളില്‍ നിന്നും ഓഫീസുകളിലേക്കും ക്ലുബ്ബുകളിലേക്കും പറിച്ചു നടപ്പെട്ടിരുക്കുന്നു. വീട്ടില്‍ പത്തു ദിവസവും പൂക്കളം ഇടാന്‍ ആര്‍ക്കും പറ്റുന്നില്ല. പൂക്കളങ്ങള്‍ക്ക് ഇന്ന് പണ്ടത്തെ ലാളിത്യം ഇല്ല. മത്സരങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന പൂക്കളങ്ങളില്‍ ലാളിത്യത്തിന് മാര്‍ക്ക് കൊടുക്കില്ലല്ലോ.
ആധുനിക പൂക്കളം |
ഓണം തരുന്ന യഥാര്‍ത്ഥ സന്ദേശം എന്താണ്? തീര്‍ച്ചയായും കുഞ്ഞിന്‍നാളില്‍ മുതലേ നാം പാടിക്കേട്ട "മാവേലി നാട് വാണീടും കാലം... " എന്ന വരികളിലെ ദര്‍ശനം തന്നെ; "മാനുഷരെല്ലാരും ഒന്ന് പോലെ". മാവേലിയുടെ കാലത്ത് വര്‍ണവ്യവസ്ഥയുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരും തമ്മില്‍ തല്ലിയിട്ടുണ്ടാവില്ല. മഹാബലി രാജാവായിരുന്നു; അസുരനായ രാജാവ്;. അസുര രാജാവ് ക്ഷത്രിയനാകുമോ? അതോ ദളിതാണോ? വാമനന്‍ തീര്‍ച്ചയായും ബ്രാഹ്മണന്‍ തന്നെ. അപ്പോള്‍ ദളിതനായ മഹാബലിയെ ബ്രാഹ്മണനായ വാമനന്‍ ചവിട്ടിത്താഴ്ത്തിയ അവസരത്തെയാണോ നാം ആഘോഷികുന്നത്? മലയാളികളില്‍ പലരുടെയും ചിന്തകള്‍ ഇപ്പോള്‍ ഈ വിധത്തിലാണ്. ജാതി-മത വര്‍ഗ-രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത് തലച്ചോറിനിടമില്ലാത്ത മലയാളി ഓണത്തെയും ജാതി-മത ചിന്തകളാല്‍ നികൃഷ്ടമാക്കിയിരിക്കുന്നു.
ജാതി-മത ഭേദമില്ലാതെ മുഴുവന്‍ മലയാളികളും മുന്‍ രാജാവിനെ വരവേല്‍ക്കാന്‍ സമ്പല്‍ സമൃദ്ധിയുടെ പ്രതീകമായ പൂക്കളമിട്ട് കാത്തിരിക്കുന്നു എന്നതാണ് ഓണാഘോഷങ്ങളുടെ സങ്കല്‍പം. എന്റെ നാട്ടില്‍, എന്റെ ചെറുപ്പത്തില്‍ എല്ലാ മത വിഭാഗങ്ങളും ഓണം ആഘോഷിച്ചിരുന്നു. ഞങ്ങളുടെ ഏറ്റവും അടുത്ത സാംസ്കാരിക കേന്ദ്രമായിരുന്ന ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ടു-മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്നിരുന്ന ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കലാ-കായിക മത്സരങ്ങളും, ഘോഷയാത്രകളും മറ്റും. പിന്നീടെപ്പോഴോ ആഘോഷങ്ങളുടെ പൊലിമ കുറയുകയും ഓണാഘോഷങ്ങള്‍ എന്ന പരിപാടി ഇല്ലാതാവുകയും ചെയ്തു. രഹസ്യമായെങ്കിലും ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്നും തങ്ങള്‍ക്കത്തില്‍ കാര്യമൊന്നുമില്ലെന്നും ഇതര മതസ്ഥരുടെ മതമേധാവികള്‍ നിശ്ചയിച്ചോ ആവൊ?
ഇന്ന് ഓണാഘോഷങ്ങള്‍ക്കു വേണ്ടി ഓഫീസ് രണ്ടു ദിവസത്തേക്ക് പിരിയുമ്പോള്‍ ഒരു ക്രിസ്ത്യന്‍ സുഹൃത്തിനോട് ഞാന്‍ പറഞ്ഞു "Happy Onam". അദ്ധേഹത്തിന്റെ മറുപടി "Happy Holidays" എന്നായിരുന്നു. ഒന്നുറപ്പിക്കാന്‍ ഞാന്‍ ആവര്‍ത്തിച്ചു. മറുപടിയും ആവര്‍ത്തനം തന്നെയായിരുന്നു. മതം നമ്മുടെ സംസ്കാരത്തിന് മേല്‍ എത്രമാത്രം ശക്തിയായ കടന്നു കയറ്റം നടത്തുന്നു എന്ന് മാത്രമാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്.