Monday, April 21, 2014

ചില "കൂടുതല്‍" അധികാരങ്ങള്‍

    

      2004ലെ തെരഞ്ഞെടുപ്പ്‌കാലം. "ഇന്ത്യ തിളങ്ങുന്നു" എന്ന മുദ്രാവാക്യവുമായി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയാവും എന്ന പൊതു പ്രതീതിയാണുണ്ടായിരുന്നത്. മൻമോഹൻ സിങ്ങിനെക്കുറിച്ച് വലിയകാര്യമായിട്ടൊന്നും ആരും ചിന്തിച്ചിട്ടില്ലാത്ത കാലം. എന്റെ സുഹൃത്തും, പത്രപ്രവര്‍ത്തകനും, ബുദ്ധിജീവിയും, സ്വയംസേവകനുമായ സഹതാമസക്കാരനോട് ഞാന്‍ ചോദിച്ചു, "ബിജെപി അധികാരത്തില്‍ വരുമോ?". "പിന്നില്ലാതെ; മറ്റെന്തു ഓപ്ഷനാണ് ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ ഉള്ളത്? ഇത്തവണയും വാജ്‌പേയി തന്നെ ഭരിക്കും. ആദ്യം 13 ദിവസം, പിന്നെ 13 മാസം, ഇനി 13 വര്ഷം ഭരിക്കാന്‍ പോകുന്നു" എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി. എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു. 


     ഇന്നും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. "അബ് കി ബാർ മോദി സർക്കാർ" എന്ന മുദ്രാവാക്യവുമായി ബിജെപി തെരഞ്ഞെടുപ്പുഗോദയിൽ. എല്ലാം വെട്ടിപ്പിടിക്കാന്‍ ആശ്വമേധവുമായി തിളങ്ങുന്ന ഗുജറാത്തിന്റെ മേന്മയില്‍ നരേന്ദ്രമോദി. പത്തു കൊല്ലം ഭരിച്ചതിന്റെ ഗുണം കൊണ്ട് ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥയില്‍ കോണ്‍ഗ്രസ്. മൂന്നാംമുന്നണിയുണ്ടാക്കാന്‍ നടന്നുമടുത്ത് മോരുംവെള്ളവും കുടിച്ച് റസ്റ്റ്‌ എടുക്കുന്ന ഇടതുപക്ഷം. സ്വന്തം സംസ്ഥാനത്തിലെ വോട്ടുകളുടെ മാത്രം ബലത്തില്‍ ആടുകളുടെ ചോര കുടിക്കാന്‍ നടക്കുന്ന കുറുക്കനെപ്പോലെ ജയലളിതയും മമതയും നിതിഷ്‌കുമാറും മറ്റും. എങ്ങാനും ആര്‍ക്കും ഭൂരിപക്ഷമില്ലാതെപോയാലോ എന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം; ആവോളം വാതുവച്ച് കുതിരകളെ കച്ചവടം നടത്താമല്ലോ. ഇവയിലെല്ലാം ആശ്വസിക്കാന്‍ അല്പമെങ്കിലും ഉള്ളത് ബിജെപിക്കാണ് എന്നത് സത്യം. പക്ഷെ ആ ആശ്വാസവും ആത്മവിശ്വാസവും അതിര്കടന്നു പോകുന്ന പ്രതീതി. 2004-ലെ തെരഞ്ഞെടുപ്പ് ബിജെപിയെ ഇപ്പോള്‍ പലരും ഓര്‍മിപ്പിക്കുന്നുണ്ട്. അതില്‍ പ്രധാനി അന്നത്തെ ഉപപ്രധാനമന്തിയായിരുന്ന ലാല്‍ കൃഷ്ണ അധ്വാനി തന്നെയാണ്.


    ഉള്ളിന്‍റെയുള്ളില്‍ ബിജെപിയിലെ കാര്യം ഭദ്രമല്ല എന്നതാണ് വാസ്തവം. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കാലത്തുണ്ടായ സഹസ്രകോടികളുടെ അഴിമതികളും ചില വിലക്കയറ്റ പ്രശ്നങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്തവണയും കോണ്‍ഗ്രസ് തന്നെ മുന്നിലെത്തിയിരുന്നേനെ എന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്. നരേന്ദ്രമോദി എന്ന നേതാവ് വന്നതോട് കൂടി എല്ലാം ഭദ്രമായി എന്ന വിചാരത്തിലാണ് പാര്‍ട്ടിക്കാര്‍. അതില്‍ കുറെ സത്യവുമുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും ജനാധിപത്യ രീതികള്‍ പുലര്‍ത്തുന്ന പാര്‍ടിയാണ് ബിജെപി. കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളെ ഒഴുവാക്കിയാല്‍ മറ്റെല്ലാ പാര്‍ട്ടികളും ഏതെന്കിലും വ്യക്തികളുടെയോ കുടുംബത്തിന്റെയോ സ്വന്തം പാര്‍ട്ടി തന്നെയാണ്. ഗാന്ധി-നെഹ്‌റു കാലഘട്ടത്തിനുശേഷം നെഹ്‌റു കുടുംബം തന്നെയാണ് കോണ്ഗ്രസ്സിനെ കൊണ്ട്നടന്നത്. എന്നൊക്കെ മറ്റാരുടെയെന്കിലും ചുമലില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിട്ടുണ്ടോ, അന്നെല്ലാം കോണ്‍ഗ്രസ് അടിപതറിയിട്ടുണ്ട്, ക്ഷയിച്ചിട്ടുണ്ട്. കോണ്ഗ്രസ്സിന്റെ കുറ്റമൊന്നും അല്ല അത്. നമ്മുടെ ജനാധിപത്യത്തിന്റെയോ ജനമനസ്സുകളുടെയോ ഒക്കെ പ്രശ്നമാകാം. ഒരു എകാധിപത്യത്തിന്‍കീഴിലേ പാര്‍ടികള്‍ നിലനില്കുന്നുള്ളൂ, വളരുന്നുള്ളൂ. എവിടെയും അവസാനവാക്കായി ഒരാള്‍ ഉണ്ടാവണം. രാഷ്ട്രീയപ്പാര്‍ട്ടിയായാലും കമ്പനികളായാലും. ഒരു താരപരിവേഷമുള്ള, "കരിസ്മ"യുള്ള ഒരാള്‍. ഇതില്ലാത്ത ഒരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. നരേന്ദ്രമോദിയുടെ വരവോടെ ബിജെപി പരിഹരിച്ചത്‌ ആ കരിസ്മയുടെ അഭാവമാണ്. 

    പക്ഷെ ബിജെപിയെ സംബന്ധിച്ച് പ്രശ്നങ്ങള്‍ അവിടെതീരുന്നില്ല. സാധാരണപ്രവര്‍ത്തകരില്‍ ആവേശം വിതച്ച ഈ വരവ് സീനിയര്‍ നേതാക്കളില്‍ അസ്വാരസ്യമുളവാക്കി. ആകെ മൊത്തം നേതൃത്വം ഒന്നിളകി മറിഞ്ഞു. തിരഞ്ഞെടുപ്പ്‌ അടുത്തതും മറ്റൊരു മാര്‍ഗം ഇല്ലാത്തതുമാകാം പല നേതാക്കളെയും മൌനതിലേക്ക് വീഴ്ത്തിയത്. ജസ്വന്ത്‌ സിംഗ് അത് തുറന്നു പറഞ്ഞു "ബിജെപി വ്യക്തികേന്ദ്രീകൃതമാകുന്നു". അധികാരം ലഭിച്ചാല്‍ ബിജെപിയെക്കാത്തിരിക്കുന്നത് ഇതിലും ഗുരുതരമായ അവസ്ഥയാണ്‌. മോദി ദേശീയ രാഷ്ട്രീയത്തില്‍ ഒരു ജൂനിയര്‍ ആണ്. മുന്‍പ്‌ ഒന്നിലധികം തവണ മന്ത്രിമാരായിട്ടുള്ള ഒരു ഡസനിലധികം നേതാക്കള്‍ മന്ത്രിക്കുപ്പായമണിയാന്‍ തയ്യാറായിരിക്കുന്നു. ഒരു ആഭ്യന്തരകലഹം തുടക്കത്തില്‍തന്നെ പ്രതീക്ഷിക്കാം. അദ്വാനി, ഏതായാലും യുപിഎ സര്‍കാരില്‍ സോണിയ ഗണ്ടിയ്കുണ്ടായിരുന്ന സ്ഥാനതെത്താനാണ് സാധ്യത. സ്ഥാനം മാത്രമേയുണ്ടാവൂ; സോണിയ ആവില്ല. അധികാരത്തിനു വേണ്ടി, തെരഞ്ഞെടുപ്പ്കാലത്ത്‌ ഉണ്ടാക്കിയ കൂട്ടുകെട്ടുകളും മറ്റുപാര്‍ടികളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വന്നു കയറിയവരും ഉണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ രണ്ടാമത്‌. ഏതു കൊള്ളരുതാത്തവനെയും സ്ഥാനാര്‍ഥിയാക്കുകയും ഏതു പാര്ട്ടിക്കാരനുമായും സഖ്യവും എന്ന നിലപാടാണ് ബിജെപി കൈക്കൊണ്ടത്. ഉത്തരേന്ത്യയിലെവിടെയെന്കിലും ഒരാള്‍ മറ്റു പാര്‍ടിയില്‍ നിന്നും രാജി വച്ച വാര്‍ത്ത കേട്ടാല്‍ സാധാരണ ബിജെപി പ്രവര്‍ത്തകര്‍ ഒന്ന് ഞെട്ടുമായിരുന്നു; ഇവനെങ്ങാനും വന്നു ബിജെപിയില്‍ ചേരുമോ എന്ന് പേടിച്ചിട്ട്. ഇപ്പോള്‍ സഖ്യത്തിലില്ലാത്ത മറ്റുകക്ഷികളെയും ചേര്‍ത്തുള്ള മന്ത്രിസഭയ്ക്കാണ് സാധ്യത. അപ്പോള്‍ അവരെയും മന്ത്രിസ്ഥാനം കൊടുത്ത്‌ തൃപ്തിപ്പെടുത്തെണ്ടി വരും.

    "ഇന്നില്ലെങ്കില്‍ ഇനിയില്ല" എന്ന തരത്തിലായിരുന്നു ബിജെപിയുടെ ഈ പ്രാവശ്യത്തെ പ്രചാരണപരിപാടികള്‍. ഒരു തരത്തില്‍ ശരിയുമാണെന്നു തോന്നി. ഇത്രയും പറ്റിയ വേറൊരു അവസരം വരാനില്ല. 2004-ല്‍ ബിജെപി ഭരണം തന്നെയായിരുന്നു എന്നത് ഒരു ഭരണവിരുദ്ധതരംഗത്തിന് കാരണമായിട്ടുണ്ടായിട്ടുണ്ടാകാം. ഇത്തവണ അതും അനുകൂലമാണ്. ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ ഇന്ന് നരേന്ദ്രമോദിയെ ഉറ്റുനോക്കുന്നുണ്ട്; വലിയ പ്രതീക്ഷകളുമായി. ഗുജറാത്തില്‍ എന്തൊക്കെ വികസനങ്ങള്‍ നടക്കുന്നു എന്ന് ഭാരതത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം അറിയില്ലെങ്കിലും എന്തൊക്കെയോ സംഭവിക്കും എന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു. ആ സംഭവിക്കുന്നതെല്ലാം സാധാരണക്കാരന് ഗുണമായി ഭവിച്ചാല്‍ നാടിനും സര്‍ക്കാരിനും പാര്‍ടിക്കും നല്ലതായി മാറും. കോര്‍പ്പറേറ്റുകളെയാണ് മോദി സഹായിക്കുന്നത് എന്ന ആരോപണത്തിന് ശരിയായ മറുപടി പറയാന്‍ ഇതുവരെ ബിജെപിക്കോ മോദിക്കോ കഴിഞ്ഞിട്ടില്ല. ഏതുപാര്‍ട്ടി ഭരണത്തില്‍ വന്നാലും ഭരണചക്രം തിരിക്കുന്നത് ഡല്‍ഹിയും മുംബൈയും കേന്ദ്രമാക്കിയിട്ടുള്ള കോര്‍പ്പറേറ്റുകള്‍ ആണെന്ന സത്യം എല്ലാവര്‍ക്കും അറിയാം. അതിനു തടയിടാന്‍ കഴിഞ്ഞാല്‍ ഭരണം നന്നാകും. എന്റെ ഒരു സുഹൃത്ത്‌(ബിജെപിക്കരനല്ലാത്ത) കുറച്ചുനാള്‍ മുന്‍പ്‌ പറഞ്ഞു "മോദി അധികാരത്തില്‍ വന്നാല്‍ എന്താ കുഴപ്പം? ഈ പെട്രോള്‍ വിലയൊക്കെ ഒന്ന് കുറക്കാന്‍ കഴിഞ്ഞാല്‍ നേട്ടമായില്ലേ?". ബിഎംഎസിന്റെ ചുമതലയുള്ള ഒരാള്‍ കുറച്ചുകാലം മുന്‍പ് ഒരു പത്രത്തില്‍ പെട്രോള്‍ വിലയെക്കുറിച്ച് ലേഖനമെഴുതിയത് ഓര്‍മ വരുന്നു. 36 രൂപയെ പെട്രോളിന് വരൂ എന്നാണ് കണക്കുകള്‍ ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞത്. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാറിനെ കുറെ പഴിയും പറഞ്ഞു. നോക്കട്ടെ, പെട്രോളിന് വില കുറയുമോ എന്ന്. 
    


കഴിഞ്ഞ വാജ്പെയീ സര്‍കാരിന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ ഒരു കാര്യസാദ്ധ്യത്തിനായി പോയ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലൊന്നിന്റെ ഇന്നത്തെ അഖിലേന്ത്യാചുമതലവഹിക്കുന്ന ഒരാള്‍ അന്നൊരു സുഹൃദ്‌സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു. "മന്ത്രിസഭ മാറിയത്കൊണ്ടൊന്നും കാര്യമില്ല. ഇന്നും ഭരണം നടത്തുന്നത് കോണ്‍ഗ്രസ് തന്നെ. എല്ലാ ഉദ്യോഗസ്ഥരും കോണ്ഗ്രസ്സിന്റെ ആളുകളാണ്. ഇന്ദ്രപ്രസ്ഥത്തില്‍ എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ ഒന്നുകില്‍ കൊണ്ഗ്രസ്സുകാരനാകണം; അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ്‌". ഈ അവസാന നിമിഷത്തിലും കോണ്ഗ്രസ്സിനെ കുറച്ചുകാണേണ്ട ആവശ്യമില്ല. കരുതിയിരിക്കുക തന്നെ വേണം. രാഷ്ട്രീയക്കളികളിലൂടെ എങ്ങിനെയും തിരിച്ചുവരാന്‍ പ്രാപ്തരാണവര്‍. കോണ്ഗ്രസ്സിനെ ബിജെപി അത്രക്കങ്ങു മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍. 



പഴയൊരു പഴഞ്ചൊല്ല് എപ്പോഴുമോര്‍ക്കുന്നത് നല്ലത്. "അധികാരം ദുഷിപ്പിക്കും; കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കും". എവിടെയൊക്കെയോ നാം ചില "കൂടുതല്‍" അധികാരങ്ങള്‍ കൊടുത്തു പോയോ?

Monday, November 11, 2013

ബ്രിട്ടീഷ്‌ രാജകുമാരന്റെ സന്ദര്‍ശനം - അടിമത്തഭാവം വിട്ടുമാറാതെ നാം

    ഒരുകാലത്ത്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനുടമകള്‍ ആയിരുന്ന ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ ചാള്‍സ് രാജകുമാരനും ഭാര്യ കാര്‍മില പാര്കറും കൊച്ചി സന്ദര്‍ശിക്കുന്നു. അറിയാവുന്നിടത്തോളം വസ്തുതകള്‍ വച്ച് ഒരു ഔദ്യോഗിക സന്ദര്‍ശനമല്ല ഇത്. ചാള്‍സ് രാജകുമാരന്‍ (65 വയസ്സ് പ്രായമായാലും ഇംഗ്ലീഷ്കാര്‍ക്ക്‌ രാജകുമാരന്‍ തന്നെ. മകന്‍ പ്രായപൂര്‍ത്തിയായി, രാജ്യം ഭരിക്കാന്‍ യോഗ്യത നേടി എന്നറിയുമ്പോള്‍ മകനെ രാജാവായി അഭിഷേകം ചെയ്ത് ശിഷ്ടകാലം വനവാസം എന്നുറച്ചു രാജ്യമുപേക്ഷിക്കുന്ന സംസ്കാരം അവിടെയുണ്ടായിരുന്നില്ലല്ലോ) തന്റെ 65-ആം ജന്മദിനം ആഘോഷിക്കുവാന്‍ കൊച്ചിയെ ആണത്രേ തിരഞ്ഞെടുത്തത്‌. തികച്ചും വ്യക്തിപരമായ ഒരു ആഘോഷം. ചാള്‍സ് രാജകുമാരന്‍ എന്നല്ല ലോകത്തെ ഏതോരു വ്യക്തിക്കും തന്റെ ജന്മദിനാഘോഷം എവിടെ വച്ചാകണം എന്ന്‍ തീരുമാനിക്കാന്‍ (ഏറ്റവും കുറഞ്ഞത് സ്വപ്നം കാണാനെങ്കിലും) സ്വയം അധികാരം ഉണ്ട്. രാജകുമാരനെ തെറ്റ് പറയാനാകില്ല. രാജകുടുംബത്തിലെ വിവാഹം തൊട്ടു പ്രസവം വരെയുള്ള ഓരോ സംഭവങ്ങളും ആഘോഷമാക്കുന്ന ബ്രിട്ടീഷ്‌ ജനതയേയും തെറ്റ് പറയാനാകില്ല. രാജകുടുംബത്തിന്റെ സുരക്ഷക്ക് പരമപ്രാധാന്യം നല്‍കുന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥ വൃന്ദത്തേയും അവരുടെ ഭാരതത്തിലെ നയതന്ത്രകാര്യാലയത്തെയും ഒട്ടും കുറ്റം പറയാന്‍ വയ്യ.



    മനസ്സിലാക്കാന്‍ സാധിക്കാത്തത്, നമുക്കെന്തു പറ്റിയെന്നാണ്. അത്യാവശ്യം കേരളത്തിലെ മാധ്യമങ്ങള്‍ എങ്കിലും ഇപ്പോള്‍ ബ്രിട്ടിഷ്‌കാരന്റെ പുറകെയാണ്. രാജകുമാരന്‍ എങ്ങിനെ നടക്കുന്നു, എങ്ങിനെ ഇരിക്കുന്നു, എന്ത് കഴിക്കും, എന്ത് കഴിക്കില്ല (ഭ്ഗവത് ഗീതയില്‍ തുല്യമായ ഒരന്വേഷണമുണ്ട്. സ്ഥിതപ്രജ്ഞന്‍ എങ്ങിനെ നടക്കുന്നു, എങ്ങിനെ ഇരിക്കുന്നു... ഇന്നാരും അതന്വേഷിക്കാറില്ല). ഔദ്യോഗിക അതിഥി അല്ലാത്ത രാജകുമാരന് വേണ്ടി നമ്മുടെ ഔദ്യോഗിക വ്യവസ്ഥകളെല്ലാം തയ്യാറായിക്കഴിഞ്ഞു. ആയിരക്കണക്കിന് പോലീസുകാരെ സുരക്ഷക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നു. ഭക്ഷണം, കാപ്പി, മുറുക്കാന്‍, ചെല്ലം എന്നിത്യാദികള്‍ക്കുള്ള പരിചാരകരും തയ്യാറായി ക്കഴിഞ്ഞു. ഇതില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തതില്‍ കൊച്ചി മേയര്‍ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരിക്കുന്നു. പ്രതിഷേധവും വിവാദവും ഇല്ലാതെ നമുക്ക് ഒരു പരിപാടിയും കൊഴുപ്പിക്കാന്‍ സാധിക്കില്ലല്ലോ.

   ഇതിനു മുന്‍പ്‌ എലിസബത് രാജ്ഞി കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ ഫോര്‍ട്ട്‌ കൊച്ചിയുടെ പിച്ചചട്ടിയില്‍ എന്തോ വാരിയിട്ടിട്ടു പോയത്രേ. മാതൃഭുമി പത്രം പറയുന്നതനുസരിച്ച്, കക്കൂസ് നിര്‍മിക്കുവാന്‍ 2500 രൂപ മാത്രമാണ് ജനങ്ങള്‍ക്ക്‌ കിട്ടിയത്‌. വീണ്ടുമൊരു രാജകീയ സന്ദര്‍ശനം വരുമ്പോള്‍ വീണ്ടും പിച്ചചട്ടിയുമായി റെഡിയായിരിക്കുകയാണ് നാം. ഔദ്യോഗികമായി ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ മേധാവിയായിട്ടുള്ള രാജ്ഞിയുടെ പ്രതിനിധിയാണ് ചാള്‍സ് രാജകുമാരന്‍. മറ്റെന്തെങ്കിലും ഔദ്യോഗികപദവിയുള്ളതായി കാണുന്നില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഈ വരവ് വെറും സ്വകാര്യമാണ്. പിന്നെന്തു പേരിലാണ് നമ്മുടെ സര്‍ക്കാര്‍ ഇത്രക്ക്‌ നെട്ടോട്ടമോടുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഒന്നേ തോന്നുന്നുള്ളൂ; പണ്ടത്തെ നമ്മുടെ ഭരണാധികാരി എന്ന വിധേയത്വം. നമ്മുടെ നാട് കുട്ടിച്ചോറാക്കി തിരിച്ചുപോയവരാണെങ്കിലും അടിമത്തഭാവം വിട്ടുമാറാതെ നാം ആ എഴുന്നെള്ളത്ത് കാത്തിരിക്കുന്നു. പണ്ട് നമ്മുടെ നാട് ഭരിച്ചിരുന്ന ചില ലോക്കല്‍ രാജാക്കന്മാരുണ്ടായിരുന്നു. തിരുവിതാംകൂറും കൊച്ചിയും കോഴികോടും, പിന്നെ അതിലും ചെറിയ ലോക്കല്‍ രാജാക്കന്മാരും. അവരെയൊക്കെ ഇന്ന് റോഡില്‍ വച്ച് കണ്ടാല്‍ പുച്ചിച്ചു ചിരിക്കും നാം; ബൂര്‍ഷ്വകള്‍...

പക്ഷെ, ഇംഗ്ലണ്ടില്‍ നിന്നാണെങ്കില്‍ കുമ്പിട്ടെ തീരു.

Sunday, April 21, 2013

കേരളം, ബിജെപി, മോഡി

കേരളത്തിലെ ബി ജെ പി നേതാക്കള്‍ ഇനി എന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ നന്നായി സംസാരിക്കാന്‍ പഠിക്കുക? വിഷയം മറ്റൊന്നുമല്ല; ഇന്നത്തെ ചൂടന്‍ വാര്‍ത്തയായ മോഡി-ഷിബു കൂടിക്കാഴ്ച തന്നെ. ഇന്ത്യാവിഷനിലും ഏഷ്യാനെറ്റ്‌ ന്യൂസിലും ഒരേ സമയം ചര്‍ച്ച. ഇന്ത്യാവിഷനില്‍ ശ്രീ എം ടി രമേശ്‌ ബിജെപി പ്രതിനിധി. ചോദിക്കുന്നതിനൊന്നും അല്ല ഉത്തരം. എനിക്കിതൊന്നും അറിയില്ല അണ്ണാ, എന്ന് നിശ്ശബ്ദമായി പറയുന്നതുപോലെ. മനസ്സ് മടുത്തപ്പോള്‍ ഏഷ്യാനെറ്റ്‌ ന്യൂസിലേക്ക് മാറി. അവിടെ ബിജെപി പ്രതിനിധി കേരളത്തിലെ തീപൊരി പ്രാസംഗിക, ശോഭ സുരേന്ദ്രന്‍...-_. പാര്‍ടിയില്‍ കൂട്ടുത്തരവാദിത്തമുള്ളതുകൊണ്ടാണോ എന്തോ, പ്രകടനം അതുപോലെ തന്നെ. മോശം പറയരുതല്ലോ, ശോഭാ സുരേന്ദ്രന്‍ അവതാരകന്റെ ഒരുചോദ്യതിനു (അതിനു ഒരുതരത്തിലും ഉത്തരമാകാത്ത) ഒരുപാടു കാര്യങ്ങള്‍ പറയുന്നുണ്ട്. തീപ്പൊരി ചിതറുന്നുമുണ്ട്. പക്ഷെ കണ്ടിരിക്കുന്നവര്‍ക്ക് (കേട്ടും) സഹിക്കാന്‍ പറ്റില്ല. രണ്ടു പേരും എല്ലാ ചോദ്യത്തിനും പറയുന്ന ഉത്തരം ഗുജറാത്തിലെ വികസനത്തെ ക്കുറിച്ചാണ്. 24 മണിക്കൂര്‍ വൈദ്യുതി, വെള്ളം... സത്യത്തില്‍ ബിജെപിക്ക് വലിയ പ്രശ്നമോന്നുമുള്ളതല്ല വിഷയം. സുഖമായി നീന്തി നില്‍കാം. ഏഷ്യാനെറ്റില്‍ അല്‍ഫോന്‍സ് കണ്ണന്താനം വന്നപ്പോളാണ് ഒരാശ്വാസം വന്നത്. അദ്ദേഹം കൃത്യമായി മറുപടി പറഞ്ഞു. എന്റെ അഭിപ്രായത്തില്‍ ഇനി കേരളത്തിലെ ബിജെപി നേതാക്കള്‍ ആരും നരേന്ദ്രമോഡിയുടെ വികസനകാര്യം ആവശ്യമില്ലാതെ പറയരുത്. പറഞ്ഞു പറഞ്ഞു അതിനു ഒരു വിലയില്ലാണ്ടായി. ബിജെപിക്ക് കുറച്ചുകൂടി ചാനല്‍ സെന്‍സ് ഉണ്ടായേ തീരൂ. ചാനലുകളാണ് ഇന്ന് സമൂഹത്തെ ചിന്തിപ്പിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ അതിന്നത്തെ ചാനല്‍ ചര്‍ച്ച പോലാകും. ഒരുപ്പാട് സംസാരിക്കുകയല്ല ചാനല്‍ ചര്‍ച്ചകളില്‍ വേണ്ടത്. കുറിക്കു കൊള്ളുന്ന കുറിയ വാക്കുകള്‍. അതുണ്ടാക്കിയെടുക്കെണ്ടിയിരിക്കുന്നു.

Tuesday, August 28, 2012

ഓണത്തിന്റെ ദര്‍ശനം

നന്മയുടെ സദ്യയുമായി മലയാളികള്‍ക്ക് വീണ്ടുമൊരു ഓണക്കാലവും കൂടി. ഓണം എല്ലാ മലയാളികള്‍ക്കും ഗൃഹാതുരത്വത്തിന്റെ ചൂടും തണുപ്പും കൂടി സമ്മാനിക്കുന്നു. നാട്ടുകാരനായാലും മറുനാട്ടുകാരനായാലും അല്പം ഒരു ഗൃഹാതുരത്വത്തിന്റെ ചുവയില്ലാതെ ഓണത്തെ ഓര്‍മിക്കുക വയ്യ. ജനിച്ച നാട്ടില്‍ തന്നെ ജീവിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു വരുന്നതാകം കാരണം. സ്വന്തം നാട്ടില്‍ ജനിച്ചു ജീവിക്കുന്ന മുതിര്‍ന്ന മലയാളിയും തന്റെ ചെറുപ്പത്തിലെ ഓണമല്ല ഇന്നത്തെ ഓണം എന്ന് പരിതപിക്കുന്നു. കുറ്റിക്കാടുകളും കുന്നും മലകളും, നാട്ടുവഴിയുടെ ഓരത്തെ ചെമ്പരത്തിചെടികളും, വേലിയില്‍ പടര്‍ന്നു പന്തലിച്ച കൊങ്ങിണിപൂക്കളും ഇന്ന് കാണുന്നില്ല. എത്ര ഗ്രാമീണനായ മലയാളിക്കും ഓണം കുടുംബാങ്ങങ്ങളുടെ ഒത്തുചേരലും പരസ്പരസ്നേഹത്തിന്റെ പവിത്രതയില്‍ ചാലിച്ചെടുക്കുന്ന ഒരുപാടു നിമിഷങ്ങളുടെ അപൂര്‍വതയും അല്ലാതായി മാറിയിരിക്കുന്നു. ഓണം ടിവി ചാനലുകള്‍ പങ്കിട്ടെടുത്തിരിക്കുന്നു. പൂക്കളങ്ങള്‍ വീടുകളില്‍ നിന്നും ഓഫീസുകളിലേക്കും ക്ലുബ്ബുകളിലേക്കും പറിച്ചു നടപ്പെട്ടിരുക്കുന്നു. വീട്ടില്‍ പത്തു ദിവസവും പൂക്കളം ഇടാന്‍ ആര്‍ക്കും പറ്റുന്നില്ല. പൂക്കളങ്ങള്‍ക്ക് ഇന്ന് പണ്ടത്തെ ലാളിത്യം ഇല്ല. മത്സരങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന പൂക്കളങ്ങളില്‍ ലാളിത്യത്തിന് മാര്‍ക്ക്‌ കൊടുക്കില്ലല്ലോ.
ആധുനിക പൂക്കളം

ഓണം തരുന്ന യഥാര്‍ത്ഥ സന്ദേശം എന്താണ്? തീര്‍ച്ചയായും കുഞ്ഞിന്‍നാളില്‍ മുതലേ നാം പാടിക്കേട്ട "മാവേലി നാട് വാണീടും കാലം... " എന്ന വരികളിലെ ദര്‍ശനം തന്നെ; "മാനുഷരെല്ലാരും ഒന്ന് പോലെ". മാവേലിയുടെ കാലത്ത് വര്‍ണവ്യവസ്ഥയുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരും തമ്മില്‍ തല്ലിയിട്ടുണ്ടാവില്ല. മഹാബലി രാജാവായിരുന്നു; അസുരനായ രാജാവ്‌;. അസുര രാജാവ്‌ ക്ഷത്രിയനാകുമോ? അതോ ദളിതാണോ? വാമനന്‍ തീര്‍ച്ചയായും ബ്രാഹ്മണന്‍ തന്നെ. അപ്പോള്‍ ദളിതനായ മഹാബലിയെ ബ്രാഹ്മണനായ വാമനന്‍ ചവിട്ടിത്താഴ്ത്തിയ അവസരത്തെയാണോ നാം ആഘോഷികുന്നത്? മലയാളികളില്‍ പലരുടെയും ചിന്തകള്‍ ഇപ്പോള്‍ ഈ വിധത്തിലാണ്. ജാതി-മത വര്‍ഗ-രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത്  തലച്ചോറിനിടമില്ലാത്ത മലയാളി ഓണത്തെയും ജാതി-മത ചിന്തകളാല്‍ നികൃഷ്ടമാക്കിയിരിക്കുന്നു.

ജാതി-മത ഭേദമില്ലാതെ മുഴുവന്‍ മലയാളികളും മുന്‍ രാജാവിനെ വരവേല്‍ക്കാന്‍ സമ്പല്‍ സമൃദ്ധിയുടെ പ്രതീകമായ പൂക്കളമിട്ട് കാത്തിരിക്കുന്നു എന്നതാണ് ഓണാഘോഷങ്ങളുടെ സങ്കല്‍പം. എന്റെ നാട്ടില്‍, എന്റെ ചെറുപ്പത്തില്‍ എല്ലാ മത വിഭാഗങ്ങളും ഓണം ആഘോഷിച്ചിരുന്നു. ഞങ്ങളുടെ ഏറ്റവും അടുത്ത സാംസ്കാരിക കേന്ദ്രമായിരുന്ന ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ടു-മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്നിരുന്ന ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കലാ-കായിക മത്സരങ്ങളും, ഘോഷയാത്രകളും മറ്റും. പിന്നീടെപ്പോഴോ ആഘോഷങ്ങളുടെ പൊലിമ കുറയുകയും ഓണാഘോഷങ്ങള്‍ എന്ന പരിപാടി ഇല്ലാതാവുകയും ചെയ്തു. രഹസ്യമായെങ്കിലും ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്നും തങ്ങള്‍ക്കത്തില്‍ കാര്യമൊന്നുമില്ലെന്നും ഇതര മതസ്ഥരുടെ മതമേധാവികള്‍ നിശ്ചയിച്ചോ ആവൊ?
ഇന്ന് ഓണാഘോഷങ്ങള്‍ക്കു വേണ്ടി ഓഫീസ് രണ്ടു ദിവസത്തേക്ക് പിരിയുമ്പോള്‍ ഒരു ക്രിസ്ത്യന്‍ സുഹൃത്തിനോട്‌ ഞാന്‍ പറഞ്ഞു "Happy Onam". അദ്ധേഹത്തിന്റെ മറുപടി "Happy Holidays" എന്നായിരുന്നു. ഒന്നുറപ്പിക്കാന്‍ ഞാന്‍ ആവര്‍ത്തിച്ചു. മറുപടിയും ആവര്‍ത്തനം തന്നെയായിരുന്നു. മതം നമ്മുടെ സംസ്കാരത്തിന് മേല്‍ എത്രമാത്രം ശക്തിയായ കടന്നു കയറ്റം നടത്തുന്നു എന്ന് മാത്രമാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്‌.


Friday, July 20, 2012

ഷവര്‍മയുടെ നാറ്റം


ബഹുമാനപ്പെട്ട ഭക്ഷ്യവകുപ്പ്‌ അധികാരികള്‍ക്ക്‌ നമോവാകം.

നിങ്ങളുടെയെല്ലാം ഇപ്പോഴത്തെ ധീര പ്രവൃത്തികള്‍ കാണുമ്പോള്‍ ഞാന്‍ പുളകിതനായിപ്പോകുന്നു. നിങ്ങള്‍ക്കെല്ലാം എന്റെ ആയിരം ആയിരം അഭിവാദ്യങ്ങള്‍, ആദരാഞ്ജലികള്‍

ഓണം വരാനൊരു മൂലം വേണം എന്ന് നമ്മുടെ പഴംചൊല്ലാണല്ലോ. എല്ലാത്തിനും ഒരു കാരണം വേണം. പണ്ടത്തെ ഒരു സിനിമയില്‍ പറയുന്നതുപോലെ 'എല്ലാത്തിനും അതിന്റെതായ് ഒരു കാലവുമുണ്ട് ദാസാ'. ഇവിടെ ഇപ്പോള്‍ കാരണമായത്‌ ആലപ്പുഴ വീയപുരം മേല്പടം ആറ്റുമാലില്‍ സച്ചിന്‍ റോയ്‌ മാത്യു വിന്റെ മരണം. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ (എല്ലാവരും അങ്ങിനെ പറയന്നു, കേരളം കൊച്ചാണത്രേ) ഹോട്ടലുകളില്‍ വൃത്തികെട്ട ഭക്ഷണം വിളമ്പുന്നുണ്ടെന്ന് നമ്മുടെ നാട്ടിലെ നിയമപാലകരും ആരോഗ്യരംഗത്തെ ഉന്നതാധികാരികളും  മനസ്സിലാക്കുന്നത് റോയ്‌ മാത്യുവിന്റെ മരണത്തിന് ശേഷമാണത്രേ! പക്ഷെ അതെത്രയോ അനേകം ജീവിതങ്ങള്‍ രക്ഷപെടുന്നതിനു കാരണമായിക്കൊണ്ടിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍ എനിക്ക് റോയ്‌ മാത്യുവിനോട് അപാരമായ ആദരവ് തോന്നുന്നു. സ്വന്തം ജീവന്‍ കൊണ്ട് അനേകരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണഭൂതനായ അദ്ദേഹത്തെ 'ബലിദാനി' എന്ന് വിളിക്കുവാന്‍ എനിക്ക് തോന്നുന്നു.

റോയ്‌ മാത്യു ഷവര്‍മ കഴിച്ചു മരിച്ചതിനാല്‍, കൊച്ചിയിലെ എല്ലാ ഷവര്‍മ കടകളും പൂട്ടിയത്രേ. ഇന്നത്തെ പത്രത്തിലുണ്ട്. ഇത് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ പഴയ ഒരു കൂട്ടുകാരന്‍ (ക്രിസ്ത്യാനി ആണേ) പറഞ്ഞ പഴയ ഒരു ഫലിതം ഓര്മ വന്നു. 'കര്‍ത്താവ്‌ കുരിശില്‍ കിടന്നു മരിച്ചകാരണം ഞങ്ങളൊക്കെ ഇപ്പോഴും കുരിശും തൂക്കി നടക്കുന്നു. വല്ല കട്ടിലിലും കിടന്നായിരുന്നു മരിച്ചിരുന്നതെങ്കില്‍ മാലയില്‍ കട്ടിലിന്റെ രൂപം തൂക്കിയിട്ടു നടക്കേണ്ടി വരുമായിരുന്നു'. പ്രിയപ്പെട്ട അധികാരികളെ, സാദാ ഊണ് കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയായിരുന്നെന്കില്‍ നാട്ടിലെ എല്ലാ ഹോട്ടലുകളും ഊണ് കൊടുക്കുന്നു എന്ന കാരണത്താല്‍ നിങ്ങള്‍ പൂട്ടിക്കുമായിരുന്നോ?

കൊച്ചി നഗരത്തിന്റെ ഉള്‍വഴികളിലൂടെ ഒരിക്കലെങ്കിലും നിങ്ങള്‍  സഞ്ചരിചിട്ടുണ്ടോ? ഹോട്ടലുകളുടെയെന്നല്ല, ഒരു കെട്ടിടത്തിന്റെയും പിന്നാമ്പുറത്ത് വൃത്തിയുടെ ഒരു കണിക പോലും അവശേഷിക്കുന്നില്ല എന്ന്എന്നിട്ടും മനസ്സിലായിട്ടില്ലേ. ഹോട്ടലുകള്‍ കൂടുതല്‍ മാലിന്യം പ്രത്യേകിച്ച് പെട്ടെന്ന് ചീയുന്ന ജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യ്ന്നതിനാല്‍ കൂടുതല്‍ വൃത്തികേടായിരിക്കും. മാലിന്യം അത് ഉല്പാദിപ്പിക്കുന്നിടത്ത് തന്നെ സംസ്കരിക്കണം എന്നാണല്ലോ നമ്മുടെ നയം. ഹോട്ടല്‍ അത് തന്നെ ചെയ്യുന്നു. അടുക്കളയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യം അടുക്കളയില്‍ തന്നെ. ഇതുപോലൊരു മഹാനഗരത്തില്‍ ഒരു വ്യക്തി വിചാരിച്ചു മാലിന്യ നിര്‍മാര്‍ജ്ജനം എങ്ങിനെ ചെയ്യാനാണ് എന്നോ, സര്‍കാര്‍ തലത്തിലോ അല്ലെങ്കില്‍ അധികാരതിന്റെ ഏതെന്കിലും ഒരു വഴിയിലോ എന്തെങ്കിലും മാര്‍ഗം ഉണ്ടാക്കെണ്ടാതുണ്ടോ എന്നൊന്നും വിചാരിച്ചു നിങ്ങള്‍ ഒരിക്കലും തല പുണ്ണാക്കരുത്. ഇപ്പോള്‍ അടപ്പിച്ച കടകളെല്ലാം അധികം വൈകാതെ തന്നെ തുറക്കുമെന്നും ഇതേ ഭക്ഷണമൊക്കെ തന്നെ ഇതേ രീതിയില്‍ വീണ്ടും വിളമ്പുമെന്നും ഞങ്ങള്‍ക്കറിയാം. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'. ഇനിയുമൊരു റൈഡ് നടത്താന്‍ ആരാണാവോ രക്തസാക്ഷിത്വം വരിക്കേണ്ടി വരിക എന്ന സംശയം മാത്രം ബാക്കി.

Thursday, January 3, 2008

ഓഹരി വിപണിയിലെ കളി - 2 (എസ്‌ ഗുരുമൂര്‍ത്തി)

....(തുടര്‍ച്ച)

    മുംബൈ ഓഹരിവിപണിയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4687 കമ്പനികളില്‍ ആദ്യ 30 കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള സെന്‍സെക്സ്‌-30, കൂടാതെ വേറേ 470 കമ്പനികളേക്കൂടി ഉള്‍പ്പെടുത്തിയ ബി എസ്‌ ഇ സെന്‍സെക്സ്‌-500 സൂചികയനുസരിച്ച്‌ നമ്മുടെ ഓഹരിവിപണിയിലെ മൊത്തം വിലയുടെ 90 ശതമാനവും ഈ 500 കമ്പനികളുടെ വില തന്നെ. മിച്ചമുള്ള 4187 കമ്പനികളുടെ സംഭാവന വെറും 10% മാത്രം. കഴിഞ്ഞ 10 വര്‍ഷമായി നമ്മുടെ ഓഹരിവിപണി ഉയരുന്നതും താഴുന്നതും വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വഴി മുടക്കപ്പെടുന്ന വിദേശപ്പണം കാരണമാണ്‌. ഇത്‌ ഇപ്പോള്‍ 7,60,000 കോടി രൂപയായി ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്രയും പണം നിക്ഷേപിച്ചിട്ടുള്ള ഓഹരികളുടെ വില ഇപ്പോള്‍ 11,40,000 കോടി രൂപയാണ്‌. അതായത്‌ ഓഹരിവിപണിയുടെ 22 ശതമാനം വിദേശികളുടെ കയ്യിലാണുള്ളത്‌. മാത്രവുമല്ല, നമ്മുടെ കയ്യിലുള്ള മൊത്തം വിദേശനാണയശേഖരത്തേക്കാള്‍ കൂടുതലാണ്‌ ഈ തുക. ആ മുതല്‍ നമ്മുടെ ഓഹരികളില്‍ നിന്നും പിന്‍വലിക്കുകയാണെങ്കില്‍ നമ്മുടെ വിദേശനാണയശേഖരം ഗണ്യമായി കുറഞ്ഞ്‌ ഒരു പ്രതിസന്ധി തന്നെ വന്നു ചേരും. തന്നിഷ്ടത്തിനു വന്നുകൊണ്ടിരിക്കുന്ന ഈ വിദേശ നിക്ഷേപങ്ങള്‍ 1997-ല്‍ കൊറിയ, തായ്‌ലണ്ട്‌, മലേഷ്യ, ഇന്തോനേഷ്യ, തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യാ രാജ്യങ്ങളെ മിക്കവാറും പാപ്പരാക്കുന്ന ഘട്ടത്തിലേക്കെത്തിച്ചു. ഓഹരിവിപണിയിലേക്കുള്ള അമിതമായ തള്ളിക്കയറ്റം, ഓഹരിവിപണിയെ മാത്രമല്ല നമ്മുടെ സമ്പദ്ഘടനയെത്തന്നെ അപകടത്തിലാക്കുന്ന അവസ്ഥയിലാണ്‌ നമ്മുടെ രാജ്യം ഇപ്പോള്‍.

    വിദേശരാജ്യങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്ത്‌ പണം നിക്ഷേപിക്കുന്നതിന്‌ ചില നിയന്ത്രണങ്ങളും നിയമങ്ങളും നിലവിലുണ്ട്‌. ഓഹരികളില്‍ നിക്ഷേപിക്കുന്നതിന്‌ സെബിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനയുണ്ട്‌. എന്നാല്‍ പാര്‍ടിസിപേറ്ററി നോട്ട്‌ എന്ന സമ്പ്രദായം 1996-ല്‍ ധനകാര്യമന്ത്രാലയം അനുവദിച്ചു. ഈ സമ്പ്രദായമനുസരിച്ച്‌ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ മുഖേന പേരുവെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരു വിദേശിക്ക്‌ നിക്ഷേപങ്ങള്‍ നടത്താം. മൂന്നു വര്‍ഷമായി ഓഹരിവിപണിയില്‍ കള്ളപ്പണം തള്ളിക്കയറുന്നതില്‍ റിസര്‍വ്‌ ബാങ്കും സെബിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എങ്കിലും ഓഹരിവിപണി തകര്‍ന്നേക്കുമോ എന്ന ഭയത്താല്‍ ധനകാര്യമന്ത്രാലയം യാതോരു നടപടിയും എടുത്തില്ല. ഈ സാഹചര്യത്തിലാണ്‌ നമ്മുടെ രാജ്യരക്ഷാ ഉപദേഷ്ടാവ്‌ എം കെ നാരായണന്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഭീകരവാദികളുടെ പണം കടന്നുകൂടിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്‌. റോ യും ഇതേകാര്യം ഗവണ്മെന്റിനെ അറിയിച്ചിരുന്നു.

    സൗദി അറേബ്യയിലെ വന്‍ വ്യവസായി ഖാലിദ്‌ ബിന്‍ മഖൊസ്‌ ആയിരക്കണക്കിന്‌ കോടി രൂപ പാര്‍ടിസിപേറ്ററി സമ്പ്രദായം വഴി നമ്മുടെ ഓഹരിവിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്‌ എന്നും അയാള്‍ ഇസ്ലാമിക ഭീകരവാദികളുടെ നേതാവായ ഉസാമാ ബിന്‍ ലാദന്റെ അടുത്ത സുഹൃത്താണെന്നും റോ പറയുന്നു. ദാവൂദ്‌ ഇബ്രാഹിം പോലെയുള്ള രാജ്യദ്രോഹികളുടെ പണവും നമ്മുടെ ഓഹരിവിപണിയില്‍ വിഹരിക്കുന്നതായുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്‌. ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍, ഒക്റ്റോബര്‍ 16ന്‌ പാര്‍ടിസിപേറ്ററി വഴി പണം നിക്ഷേപിച്ചവര്‍ അവരെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നും, മേലില്‍ അവര്‍ പാര്‍ടിസിപേറ്ററി നോട്ട്‌ വഴി നിക്ഷേപിക്കാന്‍ പാടില്ല എന്നും സെബി ഒരു വിളംബരം പുറപ്പെടുവിച്ചു. ഒക്റ്റോബര്‍ 17ന്‌ ഒറ്റ ദിവസം കൊണ്ട്‌ ഓഹരി വിപണി സൂചിക 1500 പോയിന്റുകളോളം ഇടിഞ്ഞു. അരണ്ടുപോയ ധനകാര്യമന്ത്രി ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌, പാര്‍ടിസിപേറ്ററി നോട്ട്‌ വഴിയുള്ള നിക്ഷേപങ്ങള്‍ മുടക്കുവാന്‍ ഉദ്ദേശ്ശമില്ലെന്ന് പ്രസ്താവിച്ച്‌ താഴോട്ടു പോയ ഓഹരിവിപണിയെ പിടിച്ചുയര്‍ത്തി.
    ഈ ആപത്ത്‌ ഗവണ്മെന്റിനു ബോധ്യമാകാന്‍ കാരണക്കാരായ സെബിക്കും, നാരായണനും നന്ദി പറയണം.

Tuesday, January 1, 2008

ഓഹരി വിപണിയിലെ കളി

ഭാരതത്തിന്റെ ഓഹരി വിപണി ഇന്നു കരുത്തു കാട്ടുകയാണ്‌. ഒരു നിക്ഷേപമാര്‍ഗ്ഗം എന്ന നിലയില്‍ ഓഹരിച്ചന്ത അല്‍പ സ്വല്‍പം വരുമാനമുള്ളവരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്നു. ഈകുതിപ്പിന്റെ പിന്നില്‍ എന്തെങ്കിലും വിപത്തുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ? യൂറോപ്പിന്റെ സാമ്പത്തികപ്പെരുമയെ ഒരിക്കല്‍ ഒരു പ്രശസ്ത യൂറോപ്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ വിശേഷിപ്പിച്ചത്‌ "മേയ്ക്കപ്പിട്ട വൃദ്ധ" എന്നായിരുന്നു. ഇത്തരം ഒരു സമ്പത്‌ വ്യ്‌വസ്ഥയിലേക്കാണോ ഭാരതവും മുന്നേറിക്കൊണ്ടിരിക്കുന്നത്‌ എന്നത്‌ മനസ്സിനെ അലട്ടിയിരുന്നതായിരുന്നു. വികസിതരാജ്യമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ എന്ന വര്‍ണവിസ്മയത്തില്‍ മിഴിനട്ടിരിക്കുന്ന മാധ്യമങ്ങളില്‍ നിന്നൊന്നും ഒരു വ്യക്തമായ ധാരണകിട്ടിയതുമില്ല. അങ്ങിനെയിരിക്കെയാണ്‌ കേസരി വാരികയില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനും സാമ്പത്തികവിദഗ്ദനുമൊക്കെയായ എസ്‌ ഗുരുമൂര്‍ത്തിയുടെ ഒരു ലേഖനം രണ്ടുലക്കങ്ങളിലായി വന്നത്‌. വാരികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും ലിങ്ക്‌ എടുത്തു ചേര്‍ക്കാന്‍ സാധിക്കാതെ വന്നതിനാല്‍ വാരികയില്‍ നിന്നും പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

ഓഹരിവിപണി 20000 പോയിന്റ്‌ കടന്നപ്പോള്‍ എകോണമിക്സ്‌ പത്രം ഇങ്ങനെ എഴുതി. "ഓഹരിവിപണിയിലെ മൊത്തം ഓഹരികളുടെ ഇപ്പൊഴത്തെ വില 63 ലക്ഷം കോടി രൂപയിലുമധികം. ഈ കര്യത്തില്‍ ഭാരതം ലോകത്തില്‍ ഒന്‍പതാം സ്ഥാനത്ത്‌ നില്‍ക്കുന്നു. 2020-ല്‍ ഭാരതം ഒരു ലോകമഹാശക്തിയാകും!". 'സെന്‍സ്ക്സ്‌' ഒന്നു താഴോട്ടു പോയാല്‍, ഇന്ത്യന്‍ ധനകാര്യമന്ത്രി തന്റെ എല്ലാ ജോലികളും മാറ്റിവച്ച്‌, ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട്‌,"എല്ലാം നല്ലപോലെയാണുള്ളത്‌, അതുകൊണ്ട്‌ ഓഹരിവിപണിയില്‍ വീഴ്ച വരരുത്‌" എന്ന് പറഞ്ഞ്‌ ഓഹരിവിപണി സൂചിക ഉയര്‍ത്റ്റെഴുന്നേല്‍ക്ക്ക്കുമാകുമാറ്‌, ഓഹരി വിപണിയുടെ പ്രാധാന്യം ഉയര്‍ന്നിട്ടുണ്ട്‌. ഓഹരിവിപണിയില്‍ കളിക്കുന്നവര്‍ വെറും കടലാസില്‍ പണക്കാരായി മാറുന്നു. ഓഹരിവിപണിയുടെ യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാവാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഓഹരിവിപണിയുടെ പങ്ക്‌ എത്ര എന്നു വിശകലനം ചെയ്താല്‍ മതി.ഓഹരിവിപണിപ്പട്ടികയിലെ ആയിരക്കണക്കിലുള്ള കമ്പനികളില്‍ നിന്നും റിലയന്‍സ്‌, ഇന്‍ഫൊസിസ്‌, റ്റാറ്റാ സ്റ്റീല്‍, എയര്‍ടെല്‍ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട 30 പ്രധാന കമ്പനികളുടെ ഓഹരികളുടെ ശരാശരി വിലയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ 'സെന്‍സെക്സ്‌'. ഈ 30 കമ്പനികളുടെ മൊത്തം ഓഹരിവിപണിയാകട്ടെ 30 ലക്ഷം കോടി രൂപയിലുമധികം. നമ്മുടെ രാജ്യത്തിന്റെ മൊത്തം ഉല്‍പാദനം 40 ലക്ഷം കോടി രൂപ. അതില്‍ മേല്‍പറഞ്ഞ കമ്പനികളുടെ വിഹിതം 1 ശതമാനം - 40, 000 കോടി രൂപ. മറ്റുവാക്കുകളില്‍ പറയുകയാണെങ്കില്‍, ദേശീയ മൊത്തം ഉല്‍പാദനത്തില്‍ 4 ശതമാനം മാത്രം വിഹിതമുള്ള കമ്പനികളുടെ ഓഹരിവിപണിവില സൂചിക ദേശീയ മൊത്തം ഉല്‍പാദനത്തിന്റെ 150 ശതമാനത്റ്റിലുമധികം! ഓഹരിവിപണിയും സെന്‍സെക്സും എല്ലാം ഊതിപ്പെരുപ്പിച്ച സംഭവങ്ങളാണെന്നു തോന്നുന്നില്ലേ?

മട്ടൊരു വിധത്തില്‍ പറഞ്ഞാല്‍ രാജ്യത്തിന്റെ മൊത്തം കുടുംബ സമ്പാദ്യത്തിന്റെ 3 ശതമാനം പോലും ഇന്ന് ഓഹരികളില്‍ നിക്ഷേപിക്കപ്പെടുന്നില്ല. കൂടുതല്‍ സുരക്ഷ ലഭിക്കുന്ന വഴികളാണ്‌ നമ്മുടെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌. ഇതിനുള്ള മുഖ്യകാരണം കുടുംബങ്ങളിലുള്ള ജോലിയില്ല്ലാത്തവര്‍, വൃദ്ധര്‍, രോഗികള്‍ തുടങ്ങിയ അഗതികളുടെ സംരക്ഷണച്ചുമതല നമ്മുടെ നാട്ടില്‍ കുടുംബങ്ങള്‍ക്ക്‌ തന്നെയാണുള്ളത്‌. അമേരിക്കയിലും മറ്റു പല പാശ്ചാത്യ രാജ്യങ്ങളിലും ഈ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ അവിടെയുള്ളവര്‍ എളുപ്പം ലാഭം കിട്ടാന്‍ ഓഹരിവിപണിയെ ആശ്രയിക്കുന്നു. നമ്മുടെ ജീവിതരീതിക്ക്‌ ഇതുപോലുള്ള നിരുത്തരവാദപരമായ നിക്ഷേപങ്ങള്‍ യോജിച്ചതല്ലാത്തതിനാല്‍ 3 ശതമാനത്തില്‍ താഴെ സമ്പാദ്യം മാത്രമെ ഓഹരിവിപണിയിലെത്തുന്നുള്ളു. പിന്നെ ഈ ഓഹരിവിപണിയുടെ കുതിച്ചുചാട്ടത്തിനു പിന്നിലെന്താണ്‌? ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തെല്ലാമാണ്‌?ഇതു ശാശ്വതമാണോ? ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നതിനു മുന്‍പ്‌ വേറെ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്‌.

തുടരും...